മുംബൈ: ഐപിഎല്ലിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ താരം നേടിയിരുന്നു. ഈ പ്രകടനത്തോടെയാണ് ടൂർണമെന്റിൽ 150 വിക്കറ്റുകൾ ഭുവി പൂർത്തിയാക്കിയത്.
ഐപിഎല്ലിൽ 150 വിക്കറ്റുകൾ നേടുന്ന ഏഴാമത്തെ ബൗളറും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പേസറുമാണ് ഭുവനേശ്വർ കുമാർ. 134 വിക്കറ്റ് നേടിയ ജസ്പ്രീത് ബൂംമ്രയാണ് ഇന്ത്യൻ പേസർമാരിൽ ഭുവനേശ്വർ കുമാറിന് പിന്നിലുള്ളത്.
174 വിക്കറ്റ് നേടിയ ഡ്വെയ്ൻ ബ്രാവോ, 170 വിക്കറ്റ് നേടിയ ലസിത് മലിംഗ, 166 വിക്കറ്റ് നേടിയ അമിത് മിശ്ര, 157 വിക്കറ്റ് നേടിയ പിയൂഷ് ചൗള, 151 വിക്കറ്റ് നേടിയ യുസ്വെന്ദ്ര ചാഹൽ, 150 വിക്കറ്റ് നേടിയ ഹർഭജൻ സിംഗ് എന്നിവരാണ് ഐപിഎല്ലിൽ 150 വിക്കറ്റ് നേടിയിട്ടുള്ള മറ്റു ബൗളർമാർ.















