കോട്ടയം: ബന്ധുവാണെന്ന് പറഞ്ഞ് മരണവീട്ടിലെത്തിയ ആള് പണം മോഷ്ടിച്ച് കടന്നതായി പരാതി. കോട്ടയം കോതനല്ലൂരാണ് സംഭവം. കോതനല്ലൂര്‍ സ്വദേശി ബേബിയുടെ അമ്മ മേരിയുടെ സംസ്കാരചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മോഷണം.
ഓട്ടോയില്‍ വീട്ടിലെത്തിയ മോഷ്ടാവ് കുറച്ച് സമയം വീട്ടില്‍ ചെലവഴിച്ചു. സംസ്കാരചടങ്ങുകള്‍ പളളിയില്‍ നടക്കുന്നതിനാല്‍ സംഭവസമയം വീട്ടില്‍ അയല്‍വാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനും മാത്രമാണ് ഉണ്ടായിരുന്നത്. മൈക്ക് അഴിച്ചുവക്കാനും മറ്റും ഇയാളെ സഹായിക്കുകയും ചെയ്തു. ഇതിനിടെ വീടിനുള്ളില്‍ കയറിയ മോഷ്ടാവ് അലമാരകളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി പണം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
മുപ്പതിനായിരത്തിലേറെ രൂപ ബാഗുകളിലായി സൂക്ഷിച്ചിരുന്നു. ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണം നടത്തിയ ആള് പണവുമായി എറണാകുളം ഭാഗത്തേക്ക് പോയെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments