ഒവേറി: യേശുവിന്റെ കുരിശുമരണം പ്രമേയമാക്കി അവതരിപ്പിച്ച നാടകം വേദിയിൽ അരങ്ങേറുന്നതിനിടെ അഭിനേതാവായ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. നൈജീരിയയിലെ ക്ലാരിയൻഷൻ സർവകലാശാലയിലാണ് സംഭവം.
നാടകത്തിനിടെ യുവാവ് വേദിയിൽ കുഴഞ്ഞു വീണെങ്കിലും ഇതും അഭിനയത്തിന്റെ ഭാഗമാണെന്നു കരുതി കാഴ്ചക്കാർ നാടകം കാണുന്നത് തുടരുകയായിരുന്നു. സെമിനാരി അംഗവും സർവകാലാശാലയിലെ വിദ്യാർഥിയുമായ സുവേൽ ആംബ്രോസ് എന്ന 25കാരനാണ് മരിച്ചത്.
യേശുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്‌കരണമായ ‘പാഷൻ ഓഫ് ക്രൈസ്റ്റ്’ എന്ന നാടകമാണ് അവതരിപ്പിച്ചത്. യേശുവിന്റെ ശിഷ്യനായ സൈമൺ പീറ്ററിന്റെ വേഷമായിരുന്നു യുവാവിന്റേത്. എന്നാൽ നാടകാവതരണത്തിനിടെ യുവാവ് കുഴഞ്ഞു വീഴുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. എന്നാൽ കാണികൾ ഇത് യുവാവിന്റെ അഭിനയത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിച്ച് നാടകം കാണുന്നത് തുടർന്നു.
അല്പസമയത്തിന് ശേഷം സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കാണികളിൽ ചിലർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ യുവാവിന് മരണം സംഭവിച്ചുവെന്നാണ് വിവരം.
Comments