ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണത്തിൽ തങ്ങൾ ശക്തമായി രംഗത്തുണ്ടാകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് മലയാളി വിദ്യാർത്ഥിനികളും. ദേശീയ യുവ പരിസ്ഥിതി പാർലമെന്റിൽ കേരളത്തിൽ നിന്നും കേരളത്തിന് പുറത്തുനിന്നും നാല് വിദ്യാർത്ഥിനികൾ മികച്ച രീതിയിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു.
ആഗ്നസ് ഫ്രാൻസിസ്-കൊച്ചി( എംഎസ്സി-എസ് എച്ച് കോളേജ് തേവര) , അഞ്ജു കൃഷ്ണ തിരുവനന്തപുരം( എൽഎൽഎം-ലോ അക്കാദമി) എന്നിവർ സ്റ്റുഡന്റ്‌സ് ഇന്റൺഷിപ്പിലൂടെ കേരളത്തിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടവരാണ്. അഥീന കോശി-അങ്കമാലി(എംഎസ് രാമയ്യ സർവ്വകലാശാല കർണ്ണാടക), കാതറിൻ സിബി-കട്ടപ്പന( തിരുവാളൂർ കേന്ദ്രസർവ്വകലാശാല) എന്നിവർ കേരളത്തിന് പുറത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട് യൂത്ത് പാർലമെന്റിൽ പങ്കെടുത്തു.
വിവിധ വിഷയങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിൽ വിശകലനം നടത്തി മലയാളി വിദ്യാർത്ഥിനികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു. യുവപാർലമെന്റിൽ അഥീനയും കാതറിനും ഭരണപ്രതിപക്ഷ റോളുകളിൽ മന്ത്രിമാരായും ജനപ്രതിനിധികളായും തങ്ങളുടെ വാദങ്ങൾ നിരത്തുകയും വിശദീകരിക്കുകയും ചെയ്തത് കേരളത്തിന് അഭിമാനമായി. സെമിനാറിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന നിലയിലും അഥീന ശ്രദ്ധനേടി.
വിവിധ പുരസ്‌കാരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടാണ് യുവ പാർലമെന്റ് സമാപിച്ചത്. ദേശീയ യുവ പരിസ്ഥിതി പ്രതിഭ പുരസ്‌കാരം- സങ്കൽപ് സുമൻ(ഡൽഹി സാങ്കേതിക സർവ്വകലാശാല), മികച്ച പ്രഭാഷക- മുൻജീത് മറിയം-( ഷേർ ഇ കശ്മീർ കാർഷിക ശാസ്ത്ര സാങ്കേതിക സർവ്വകലാശാല), മികച്ച യുവ മാദ്ധ്യമ പരിസ്ഥിതി പ്രവർത്തക- എസ്.കെ.ഷഹീൻ അക്തർ(ശ്രീ ശ്രീ സർവ്വകലാശാല-ഒഡീഷ), മികച്ച കാർട്ടൂണിസ്റ്റ്- ഭാവേഷ് കുമാർ ഛോക്കർ-(മാനവ് രചന സർവ്വകലാശാല), പ്രത്യേക പരാമർശം- മികച്ച പ്രധാനമന്ത്രി- വിരേന്ദ്ര സിംഗ് ചൗഹാൻ(മോഹൻലാൽ സുഖാദിയ സർവ്വകലാശാല, ഉദയ്പൂർ), പ്രത്യേക പരാമർശം- മികച്ച സ്പീക്കർ- ആൻവി ശർമ്മ(മഹാറാണാ പ്രതാപ് സർവ്വകലാശാല, ഉദയ്പൂർ), പ്രത്യേക പരാമർശം- മികച്ച പ്രതിപക്ഷ നേതാവ്- സിംറാൻ ചൗഹാൻ(കേന്ദ്രസർവ്വകലാശാല-ഹൈദരാബാദ്), പ്രത്യേക പരാമർശം- മികച്ച നേതാവ്-ട്രഷറി ബഞ്ച്- പരീഷിത് പരീക്(ചിത്കാര സർവ്വകലാശാല), പ്രത്യേക പരാമർശം- മികച്ച ഗവേഷണ പ്രബന്ധം-വിവേക് സഞ്ജയ് സോണാവാനേ-(സാവിത്രി ഭായി ഫൂലേ സർവ്വകലാശാല-പൂനെ), പ്രത്യേക പരാമർശം- മികച്ച രാഷ്‌ട്രീയ നേതാവ്- നേഹ(കുരുക്ഷേത്ര സർവ്വകലാശാല) എന്നിവർ പുരസ്‌കാരങ്ങൾക്ക് അർഹരായി.















