മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് ചെന്നൈ മുംബൈയെ നിലംപരിശാക്കിയത്. ഇതോടെ ഈ സീസണിൽ ജയം എന്തെന്നറിയാതെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി മുoബൈ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈ, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 43 പന്തിൽ നിന്നും 51 റൺസ് എടുത്ത യുവ താരം തിലക് വർമ്മയാണ് മുംബൈയുടെ ടോപ് സ്കോറർ. ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്ക് ആദ്യം തന്നെ നഷ്ടമായത് ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ്. പൂജ്യത്തിനാണ് രോഹിത്തിനെ മുകേഷ് ചൗധരി മടക്കിയത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.
തിലക് വർമ്മയുടെയും ഹൃതിക് ഷൊക്കീനിന്റെയും സഖ്യമാണ് മുംബൈയെ കരകയറ്റിയത്. ജയദേവ് ഉനദ്ഘട്ടും, തിലക് വർമ്മയുമാണ് കളി അവസാനിക്കുമ്പോൾ ക്രീസിലുണ്ടായിരുന്നത്. സൂര്യകുമാർ യാദവ്(32), ഹൃതിക് ഷൊക്കീൻ(25), ഇഷാൻ കിഷൻ (0), ഡെവാൾഡ് ബ്രെവിസ്(4) പൊള്ളാർഡ് (14), ഡാനിയേൽ സാംസ് (5), ജയദേവ് ഉനദ്ഘട്ട് (19*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. ചെന്നൈയ്ക്കായി മൂന്ന് വിക്കറ്റുകളെടുത്ത മുകേഷ് ചൗധരിയാണ് മുംബൈയെ തകർത്തത്. ഡ്വയ്ൻ ബ്രാവോ രണ്ടും മിച്ചെൽ സാന്റ്നർ, മഹീഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ആദ്യം ഒന്ന് പതറിയെങ്കിലും, വാലറ്റത്തെ പ്രകടനമാണ് ടീമിനെ വിജയക്കൊടി പാറിച്ചത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. അവസാന നിമിഷത്തെ ധോണിയുടെ ബൗണ്ടറിയാണ് ടീമിന് വിജയം സമ്മാനിച്ചത്. കാണികളെ മുൾമുനയിൽ നിർത്തിയായിരുന്നു ചെന്നൈയുടെ അവാസ നിമിഷത്തെ ബാറ്റിംഗ്.
ഓപ്പണറായ ഋതുരാജ് ആദ്യ പന്തിൽ തന്നെ പുറത്തായതോടെ ചെന്നൈ ഒന്ന് പതറി. സാംസാണ് ഋതുരാജിന്റെ വിക്കറ്റ് വീഴ്ത്തിയത്. റോബിൻ ഉത്തപ്പ പിന്നീട് ടീമിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും, 8-ാം ഓവറിൽ ഉത്തപ്പയും മടങ്ങി. അമ്പാട്ടി റായിഡുയാണ് ചെന്നൈ നിരയിൽ മെച്ചപ്പെട്ട റൺസ് നേടിയത്. 35 പന്തിൽ നിന്നും രണ്ട് ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 40 റൺസാണ് താരം അടിച്ചെടുത്തത്. 14-ാം ഓവറിൽ സാംസിന്റെ പന്തിൽ റായിഡു പുറത്താകുകയായിരുന്നു.
ഋതുരാജ് ഗെയ്ക്വാദ്(0), റോബിൻ ഉത്തപ്പ(30), മിച്ചെൽ സാന്റ്നർ(11), ശിവം ദുബെ(13), രവീന്ദ്ര ജഡേജ(3), ഡ്വെയ്ൻ പ്രിട്ടോറിയസ്(22), എംഎസ് ധോണി(28), ഡ്വെയ്ൻ ബ്രാവോ(1), എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോർ. ഡാനിയേൽ സാംസാണ് ചെന്നൈയുടെ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ജയ്ദേവ് ഉനദ്ഘട് രണ്ടും, റിലേ മെറിഡിത്ത് ഒരു വിക്കറ്റ് വീതവും വീഴ്ത്തി.
Comments