ന്യൂഡൽഹി : യുവതിയെ ഓടിച്ചിട്ട് പിടിച്ച് മക്കളുടെ മുന്നിലിട്ട് നിഷ്ഠൂരമായി കുത്തി കൊലപ്പെടുത്തി. ഡൽഹി നഗരത്തിലാണ് സംഭവം. യുവതി കുട്ടികളുമൊത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും പ്രതി പുറകേ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
24 കാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. പോലീസ് എത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. കുത്തേറ്റ യുവതി കുട്ടികളുമായി പ്രാണന് വേണ്ടി ഓടുന്നത് സിസിടിവിയിൽ കാണാം. എന്നാൽ പ്രതി ഇവരെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
യുവതിയും പ്രതിയും മുൻപ് അയൽക്കാരായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments