കൊച്ചി: മലയാള സിനിമയ്ക്ക് കാമ്പുള്ള ഒട്ടേറെ തിരക്കഥകൾ സമ്മാനിച്ചയാളാണ് വിടവാങ്ങിയ ജോൺപോൾ.ഞാൻ ഞാൻ മാത്രം’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് ചലച്ചിത്രപ്രവേശം.പിന്നീട് ചാമരം, യാത്ര, ഉണ്ണികളെ ഒരു കഥ പറയാം, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാളൂട്ടി, തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി മലയാളി പ്രേക്ഷകന് വേറിട്ട ഒരു ചലച്ചിത്രാനുഭവം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. ഫോക്കസ് എന്ന പേരിൽ മലയാളത്തിലെ ആദ്യ ലിറ്റിൽ മാഗസിൻ തുടങ്ങുന്നത് ജോൺപോളാണ്.
പിന്നീട് ആരോഗ്യപരമായ ചില പ്രശ്നങ്ങൾ മൂലം സിനിമാലോകത്ത് നിന്ന് വിട്ടുനിന്ന അദ്ദേഹം 2019 കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടലിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തുകയായിരുന്നു.
1950ൽ ഒക്ടോബർ 29-ന് എറണാകുളത്ത് ജനിച്ചു. ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്റേയും മുളയരിക്കൽ റബേക്കയുടേയും മകനായിട്ടാണ് ജോൺപോൾ പുതുശ്ശേരിയുടെ ജനനം. എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ, സെന്റ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവണ്മെന്റ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ 7 വർഷക്കാലം പ്രീഡിഗ്രി, ഡിഗ്രി, തുടർന്ന് സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം എന്നിവ പൂർത്തിയാക്കി.
ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ഏകദേശം പതിനൊന്ന് വർഷക്കാലം കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. വിദ്യാർത്ഥി കാലഘട്ടം മുതൽ തന്നെ ആനുകാലികങ്ങളിലും മറ്റുമെഴുതിത്തുടങ്ങിയ ജോൺപോൾ മാദ്ധ്യമരംഗത്തും പ്രായോഗികപരിശീലനം നേടി. ഗ്രന്ഥശാല, സ്കൗട്ട്, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. പഠനകാലത്ത് തന്നെ ചില ഹ്രസ്വ സിനിമകൾക്കും ഡോക്യുമെന്ററികൾക്കും പരസ്യങ്ങൾക്കും വേണ്ടി രചന നിർവ്വഹിച്ചിരുന്നു.
സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം, സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗം തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫിലിം ടെക്നീഷ്യമാരുടെ സംഘടനയായ ‘മാക്ട’യുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ജോൺ പോൾ















