കീവ്: യുദ്ധമുഖത്തെ ഏറ്റുമുട്ടലിനിടയിൽ സൈനികന്റെ ജീവൻ രക്ഷിക്കാൻ സ്മാർട്ട് ഫോണിന് സാധിക്കുമോ? കഴിയുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
രണ്ട് മാസത്തോളമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ നടന്ന സംഭവമായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഈ ദൃശ്യങ്ങളെ വിലയിരുത്തുന്നത്. മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണിത്.
യുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും പശ്ചാത്തലത്തിൽ കേൾക്കുന്നതിനിടയിൽ യുക്രെയ്ൻ സൈനികൻ തന്റെ സഹപ്രവർത്തകനോട് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. സ്മാർട്ട് ഫോൺ ജീവൻ രക്ഷിച്ചുവെന്ന് അവകാശപ്പെട്ട യുക്രെയ്ൻ സൈനികൻ പോക്കറ്റിൽ നിന്നും തന്റെ ഫോൺ എടുത്തുകാണിക്കുകയാണ്.
7.62 എംഎം വലിപ്പമുള്ള ബുള്ളറ്റ് ഫോണിൽ തറച്ചിരിക്കുന്നതാണ് തുടർന്നുള്ള ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ബുള്ളറ്റ് പ്രൂഫ് കവചമായി തന്റെ സ്മാർട്ട് ഫോൺ പ്രവർത്തിച്ചുവെന്ന് സൈനികൻ അവകാശപ്പെടുകയും ചെയ്യുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ വൻ പ്രചാരമാണ് ഈ വീഡിയോ നേടിയത്. എന്നിരുന്നാലും ദൃശ്യങ്ങൾ വ്യാജമാണെന്നുള്ള വിമർശനങ്ങളും പല കാഴ്ചക്കാരും ഉന്നയിച്ചു. സംഭവം യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് ഇടയിൽ സംഭവിച്ചതാണെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വീഡിയോയുടെ ഉറവിടവും വ്യക്തമല്ല.
Comments