മുംബൈ : ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. രാഹുലിന്റെ വൺമാൻ ഷോയ്ക്കാണ് ഇന്ന് മുംബൈ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിശ്ചിത ഓവറിൽ ലക്നൗ ഉയർത്തിയ 169 എന്ന വിജയലക്ഷ്യം കടക്കാൻ മുംബൈക്ക് സാധിച്ചില്ല. 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമേ മുംബൈക്ക് എടുക്കാൻ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ലക്നൗ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. മുംബൈക്ക് വേണ്ടി രോഹിത്ത് ശർമ്മയും(31 ബോളിൽ 39 റൺസ്) തിലക് വർമ്മയും(27 ബോളിൽ 38 റൺസ്) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ലക്നൗവിന് വേണ്ടി ആദ്യമിറങ്ങിയ ക്യാപ്റ്റൻ രാഹുൽ അവസാനം വരെ പുറത്താകാതെ ക്രീസിൽ തകർത്താടുകയായിരുന്നു. 62 ബോളിൽ 12 ബൗണ്ടറിയും 4 സിസ്കറുമുൾപ്പെടെ 103 റൺസാണ് രാഹുൽ എടുത്തത്. കളിയിൽ മുഴുനീളം ക്യാപ്റ്റൻ നൽകിയ ആത്മവിശ്വാസമാണ് മറ്റ് താരങ്ങൾക്ക് ആവേശമായത്.
രാഹുലിനൊപ്പം ഇറങ്ങിയ ക്വിന്റൺ ഡികോക്ക് മികച്ച തുടക്കം നൽകാൻ ശ്രമിച്ചെങ്കിലും 9 ബോളിൽ 10 റൺസെടുത്ത് മടങ്ങുകയായിരുന്നു. പിന്നീട് ഇറങ്ങിയ മനീഷ് പാണ്ഡെ 22 ബോളിൽ 22 റൺസ് എടുത്ത് മടങ്ങി. മാർക്കസ് സ്റ്റോണിസ് ഒരു റൺ പോലും എടുക്കാതെ പുറത്തായപ്പോൾ, ക്രുനാൽ പാണ്ഡെ 2 ബോളിൽ 1 റൺ മാത്രമാണ് എടുത്തത്. തുടർന്ന് വന്ന ദീപക് ഹൂഡ 9 പന്തിൽ 10 റൺസ് എടുത്തു. ദിവാൾ ബ്രെവിസിന്റെ ബോളിൽ റിലേ മെറഡിത്താണ് ഹൂഡയെ പുറത്താക്കിയത്. ആയുഷ് ബദോനി 11 ബോളിൽ 14 റൺസും എടുത്തു.
മുംബൈക്ക് വേണ്ടി രോഹിത് ശർമ്മയ്ക്കൊപ്പം ആദ്യമിറങ്ങിയ ടീമിന്റെ പ്രതീക്ഷയായിരുന്ന ഇഷാൻ കിഷാന് 20 ബോളിൽ 8 റൺസ് മാത്രമേ നേടാനായുള്ളൂ. ഡെവാൾഡ് ബ്രെവിസ് 5 പന്തിൽ 3 റൺസും സൂര്യകുമാർ യാദവ് 7 പന്തിൽ ഏഴ് റൺസുമെടുത്ത് പുറത്തായി. അവസാനം നിമിഷം ടീമിനെ രക്ഷിക്കാൻ പൊളാർഡും ഒരു ശ്രമം നടത്തിയെങ്കിലും നടന്നില്ല. 20 ബോളിൽ 19 റൺസ് മാത്രമാണ് പൊളാർഡ് നേടിയത്. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമാണ് മുംബൈ എടുത്തത്.
Comments