കാൻബെറ: ഓസ്‌ട്രേലിയക്കാരെ സംബന്ധിച്ചിടത്തോളം കംഗാരുക്കൾ അത്ര പുതുമയുള്ള ജീവിയല്ല. രാജ്യത്തെ ജനസംഖ്യയേക്കാൾ കൂടുതൽ കംഗാരുക്കളാണെന്നാണ് കണക്ക്. അവിടുത്തെ ജനങ്ങൾ കംഗാരുക്കളെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും എങ്ങനെ ഭീതി കൂടാതെ കൈകാര്യം ചെയ്യുന്നുവെന്നും വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒരു ബാറിൽ നടക്കുന്ന സംഭവങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ആളുകൾ ക്യൂ നിന്ന് ബാറിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴാണ് കംഗാരുവിന്റെ പ്രവേശനം. ഏറെ പരിചയമുള്ള സ്ഥലത്തേക്ക് വരുന്ന പ്രതീതിയിലാണ് കംഗാരു ബാറിലേക്ക് കടക്കുന്നത്. ശേഷം ആളുകൾ നിൽക്കുന്ന ക്യൂവിന് അടുത്തേക്ക് നേരെ വെച്ചുപിടിച്ചു. ബാറിൽ നിന്നിരുന്നവരാണെങ്കിൽ ഇതൊന്നും കണ്ട് അതിശയിക്കുന്നുമില്ല. ഒരു വയോധികൻ നടന്നുവരുമ്പോൾ വഴി മാറിക്കൊടുക്കുന്ന ലാഘവത്തോടെയാണ് ബാറിൽ നിന്നിരുന്നവർ കംഗാരുവിനെ പരിഗണിക്കുന്നത്.
തുടർന്ന് ബാറിന്റെ എതിർവശത്തുള്ള വാതിലിലൂടെ കംഗാരു പുറത്തേക്ക് പോകുകയായിരുന്നു. വെറും 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഓസ്ട്രലിയൻ ജനങ്ങൾക്ക് പുതുമ നൽകുന്നില്ലെങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും വൻ പ്രചാരമാണ് നേടിയത്.
അപ്രതീക്ഷിതമായി വന്നെത്തിയ അതിഥി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ‘ഓസ്‌ട്രേലിയൻ അനിമൽസ് ‘ എന്ന പേജാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രിൽ ആദ്യവാരത്തിൽ ഓസ്‌ട്രേലിയയിൽ വെള്ള കംഗാരുവിനെ കണ്ടതും വൈറലായിരുന്നു. അപൂർവമായി കാണപ്പെടുന്ന കംഗാരു ഇനമാണ് വെള്ള കംഗാരുക്കൾ. ഒരു യുവതി വെള്ള കംഗാരു പാഞ്ഞുപോകുന്നത് അപ്രതീക്ഷിതമായി കാണുകയും ഉടൻ തന്നെ ക്യാമറയിൽ പകർത്തുകയുമായിരുന്നു.
Comments