ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രായമായ ആളുകൾ ജപ്പാനിലാണ്. ആ കിരീടത്തിലെ പൊൻതൂവലായിരുന്നു ലോകമുത്തശ്ശിയായി ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച 119 കാരി കെയ്ൻ തനക. ചോക്ലേറ്റും സോഡയും ചതുരംഗക്കളിയും ഗണിതവും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന ആ മുത്തശ്ശിയുടെ ജീവിതം ജപ്പാൻകാർക്ക് പ്രചോദനമായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച കെയ്ൻ തനകയുടെ രസകരമായ ജീവിതത്തിലൂടെ ഒന്ന് സഞ്ചരിക്കാം.
തെക്കുപടിഞ്ഞാറൻ ജാപ്പനീസ് നഗരമായ ഫുകുവോക്കയിലാണ് കെയ്ൻ തനക താമസിച്ചിരുന്നത്. റൈറ്റ് സഹോദരങ്ങൾ ആദ്യമായി വിജയകരമായി വിമാനം പറത്തിയ വർഷമായ 1903 ജനുവരിയിലാണ് തനക ജനിച്ചത്. 2019 മാർച്ചിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് തനക സ്വന്തമാക്കുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതെന്ന് ചോദിച്ചപ്പോൾ ‘ഈ നിമിഷം’ എന്നായിരുന്നു തനക മറുപടി പറഞ്ഞത്.
ജപ്പാനിലെ ഒരു നഴ്‌സിംഗ് ഹോമിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. തന്റെ അവസാന കാലത്തും തനക ഏറെ ആരോഗ്യവതിയായിരുന്നു. 2020ലെ കണക്കനുസരിച്ച് കെയ്ൻ തനകയ്‌ക്ക് അഞ്ച് പേരക്കുട്ടികളും എട്ട് കൊച്ചുമക്കളും ഉണ്ട്. ജപ്പാനിലെ മറ്റ് പ്രായമായ സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി, ഗണിതവും കാലിഗ്രാഫിയും പഠിക്കുന്നതിൽ തനക അവസാനം വരെ ആവേശം കാണിച്ചിരുന്നു. അവസാന നാളുകളിൽ ആരോടും സംസാരിച്ചിരുന്നില്ലെന്നാണ് തനകയുടെ ബന്ധുക്കൾ പറഞ്ഞിരുന്നത്.
തനകയുടെ ജീവിതം ജപ്പാൻകാർക്കും ലോകത്തിനാകെയും എക്കാലത്തും പ്രചോദനമായിരുന്നു. ചോക്ലേറ്റ്, സോഡ, ചെസ്സ് കളി, ഗണിതം എന്നിവയിലായിരുന്നു തനകയ്‌ക്ക് താൽപര്യം. തന്റെ ചെറുപ്പകാലത്ത് നിരവധി ബിസിനസുകൾ അവർ നോക്കി നടത്തിയിരുന്നു. ന്യൂഡിൽസ് ഷോപ്പ്, റൈസ് കേക്ക് മിൽ എന്നിവയിൽ നിന്നുള്ള വരുമാനമായിരുന്നു പ്രധാന ജീവിതോപാധി. 2021ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ടോർച്ച് റിലേയിൽ പങ്കെടുക്കാൻ തനക തയ്യാറായിരുന്നു.
വീൽ ചെയറിലിരുന്നാണ് ഇതിനായുള്ള തയ്യാറെടുപ്പുകൾ തനക നടത്തിയത്. എന്നാൽ കൊറോണ കാരണം ഒളിമ്പിക്‌സ് അധികൃതർ റിലേ മാറ്റിവെയ്‌ക്കുകയായരുന്നു. പ്രായമായവരെ ബഹുമാനിക്കുന്നതിനായി ജപ്പാനിൽ സെപ്തംബറിൽ ഒരു ദിവസം മാറ്റിവെച്ചിട്ടുണ്ട്. ഇത് ദേശീയ അവധി ദിവസമാണ്. വരുന്ന വർഷം ഇത് കെയ്ൻ തനകയ്‌ക്ക് വേണ്ടി മാറ്റിവെക്കാനാണ് പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനമെന്ന് പ്രദേശത്തെ ഗവർണറായ സെയ്താരോ ഹട്ടോരി പറഞ്ഞു.
ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രായമായ ആളുകളുള്ളത് ജപ്പാനിലാണ്. ജപ്പാന്റെ ആകെ ജനസംഖ്യയുടെ 28 ശതമാനവും 65 വയസ്സിന് മുകളിലാണ്. കെയ്ൻ തനക വിട പറഞ്ഞതോടെ ഇനി ഈ റെക്കോർഡിനുടമ 118 വയസ്സും 73 ദിവസവും പ്രായമുള്ള ഫ്രഞ്ചുകാരിയായ ലൂസൈൻ റാൻഡനാണ്.
Comments