ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ കൂടിക്കാഴ്ച നടത്തും. ജൂണിലാകും കൂടിക്കാഴ്ചയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലക്നൗവിൽ എത്തിയാകും കൂടിക്കാഴ്ച.
ഉത്തർപ്രദേശിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും, ബാക്കിയുള്ളവയുടെ ശബ്ദത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയ യോഗി ആദിത്യനാഥിനെ രാജ് താക്കറെ പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്. ജൂൺ അഞ്ചിന് യോഗി ആദിത്യനാഥിന്റെ ജന്മദിനമാണ്. അന്നേ ദിവസം കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്കായി രാജ് താക്കറെ ജൂൺ നാലിന് ലക്നൗവിൽ എത്തും.
രാഷ്ട്രീയ നീക്കങ്ങളാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. ബിജെപി- നവനിർമ്മാൺ സേന സഖ്യം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾക്ക് വേണ്ടിയാകാം കൂടിക്കാഴ്ചയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇന്നലെയാണ് ഉച്ചഭാഷിണികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള യോഗി സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് രാജ് താക്കറെ രംഗത്ത് വന്നത്.
Comments