ദുബായ്: യുഎഇയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊറോണ പ്രോട്ടോകോൾ പ്രഖ്യാപിച്ചു. ഈദ്ഗാഹിൽ എത്തുന്നവർ മാസ്ക് ധരിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.
പള്ളിക്ക് പുറത്തോ അകത്തോ കൂട്ടംകൂടി നിൽക്കാനും അനുവദിക്കില്ല. ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കണമെന്നും പ്രോട്ടോകോളിൽ പറയുന്നു. പ്രത്യേക നമസ്ക്കാരം 20 മിനിറ്റിനകം പൂർത്തിയാക്കേണ്ടതുണ്ട്. നമസ്കാരത്തിന് സ്വന്തം മുസല്ലകളോ, ഡിസ്പോസിബിൾ മുസല്ലകളോ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.
പെരുന്നാൾ അവധി ദിനങ്ങളിൽ യുഎഇയിലെ വിവിധയിടങ്ങളിൽ കരിമരുന്നുപ്രയോഗം നടക്കും. ദി പോയിന്റിലെ പാം ഐലൻഡിൽ പെരുന്നാൾ ദിവസം രാത്രി ഒമ്പതുമണിക്ക് വർണാഭമായ വെടിക്കെട്ടുണ്ടാകും. ബ്ലൂവാട്ടേഴ്സ് ദ്വീപ്, ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ രണ്ടാം പെരുന്നാൾ ദിവസം രാത്രി ഒമ്പതുമണിക്കും യാസ് ദ്വീപിൽ പെരുന്നാളിന്റെ ആദ്യ മൂന്നുദിനങ്ങളിലും വെടിക്കെട്ട് ആസ്വദിക്കാം. ഗ്ലോബൽ വില്ലേജിൽ ഏപ്രിൽ 30 മുതൽ വിവിധ പരിപാടികൾ അരങ്ങേറും. പെരുന്നാളിനോടനുബന്ധിച്ച് ഗ്ലോബൽ വില്ലേജ് പ്രവർത്തനസമയം ഏപ്രിൽ 30 മുതൽ പുലർച്ചെ രണ്ടുമണി വരെ ഉയർത്തിയിട്ടുണ്ട്.
Comments