തിരുവനന്തപുരം: ചെറിയ പെരുന്നാളിന്റെ ഭാഗമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നിസ്കാരത്തിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാളയം ഇമാം വിപി സുഹൈബ് മൗലവി ഈദ് ഗാഹിന് നേതൃത്വം നൽകി.
സാഹോദര്യം പങ്കുവെയ്ക്കുന്ന ചെറിയ പെരുന്നാളിന്റെ സന്തോഷത്തിലാണ് വിശ്വാസി സമൂഹം. മസ്ജിദുകളിലും മുൻകൂട്ടി തയ്യാറാക്കിയ മറ്റിടങ്ങളിലും പ്രത്യേക പ്രാർത്ഥനകളും ഈദ് ഗാഹുകളും നടന്നു.
കൊറോണ കാരണം ഒത്തു ചേരലുകൾ നഷ്ടപ്പെട്ട രണ്ട് വർഷത്തിന് ശേഷം ഇത്തവണയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ വിപുലമായി ആഘോഷിക്കുന്നത്. മസ്ജിദുകളിൽ രാവിലെ 7 മണിയോടെ പ്രത്യേക പ്രാർത്ഥനകളും നിസ്കാരവും ആരംഭിച്ചു.
കൊല്ലത്ത് പ്രാർത്ഥനകൾക്ക് മതപണ്ഡിതൻ എം.എം അക്ബറാണ് നേതൃത്വം നൽകിയത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഷരീഫ് മേലതിൽ നേതൃത്വം നൽകി. മലബാറിലും വടക്കൻ കേരളത്തിലും രാവിലെ വിവിധയിടങ്ങളിൽ നിസ്കാരവും ഈദ്ഗാഹുകളും നടന്നു.















