കൊല്ലം: മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടിൽ കവർച്ച. ഏകദേശം അൻപതു പവനോളം സ്വർണാഭരണങ്ങൾ അടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നഷ്ടമായി. ഭാര്യയുടെ താലിമാല,വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങൾഎന്നിവയാണ് നഷ്ടമായത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. രാത്രികാലങ്ങളിൽ വീട്ടിൽ ആളുണ്ടാകാറില്ല. ഷിബുബേബി ജോണിന്റെ അമ്മ പകൽ സമയങ്ങളിൽ ഈ വീട്ടിൽ എത്തുകയും രാത്രി ഷിബു ബേബിജോണിന്റെ വീട്ടിലേക്ക് മടങ്ങുകയുമാണ് പതിവ്. ഞായറാഴ്ച രാവിലെ ഇവർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
മോഷ്ടാവ് വീടിന്റെ മുൻവാതിൽ തകർത്തിരുന്നു. ഇതിനു ശേഷമുള്ള ചില്ലുവാതിലും തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ശേഷം മുകളിലെ നിലയിലെത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.വീടിന്റെ വാതിൽ തുറന്ന് കവർച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നത്.















