ഗാസിയാബാദ്: പോലീസിനെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച ക്രിമിനലിനെ വെടിവെച്ചു വീഴ്ത്തി യുപി പോലീസ്. ഇന്നലെ രാത്രി ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷൻ മേഖലയിലായിരുന്നു സംഭവം. ഇയാളുടെ കാലിനാണ് വെടിവെച്ചത്. പരിക്കേറ്റതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡൽഹി സ്വദേശിയായ സന്തോഷ് യാദവിനെയാണ് പോലീസ് വെടിവെച്ചു വീഴ്ത്തിയത്.
ഗാസിയാബാദ്, നോയിഡ, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലായി
മോഷണവും കൊളളയും ഉൾപ്പെടെ 29 കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
രാത്രി 10.15 ഓടെ രാജ്നഗർ എക്സ്റ്റൻഷൻ മേഖലയിൽ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായി ഒരാളെ കണ്ടത്. ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു. തുടർന്ന് ഇയാൾ പോലീസിന് നേരെ വെടിയുതിർത്തു. പിന്നീടാണ് പോലീസ് തിരികെ വെടിവെച്ചത്.
ഇയാളുടെ കൈവശം നിന്നും 315 ബോർ പിസ്റ്റളും മോഷ്ടിച്ച സ്കൂട്ടിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments