തൃശൂർ: തൃശൂർ പൂരം കാണാൻ ഇനി അതിവേഗം എത്താമെന്ന പരസ്യവുമായി കെ-റെയിൽ. തൃശൂരിലേക്ക് സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റാണ് കെ-റെയിൽ പങ്കുവെച്ചിരിക്കുന്നത്. ‘കാന്താ വേഗം പോകാം പൂരം കാണാൻ സിൽവർ ലൈനിൽ’ എന്നാണ് പരസ്യത്തിലെ വാചകം. ഫേസ്ബുക്കിലൂടെയാണ് കെ-റെയിലിന്റെ പരസ്യ പ്രചാരണം.
എന്നാൽ കെ-റെയിലിന്റെ പോസ്റ്റിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘ഇത്രയും കാലം കെ-റെയിൽ ഉണ്ടായിട്ട് ആണോ പൂരം കാണാൻ പോയിരുന്നത്’, ഞങ്ങൾക്ക് ഇന്ത്യൻ റെയിൽവേയുണ്ട്, കേരളത്തെ നശിപ്പിക്കാൻ സമ്മതിക്കില്ല, ‘ ആദ്യം തിരുവനന്തപുരം തൃശൂർ കെഎസ്ആർടിസി സർവീസ് നടത്തിയ ജീവനക്കാർക്ക് ശമ്പളംകൊട് എന്നിട്ടാവാം കെ റയിൽ’, എന്തിനോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാർ’, എന്നിങ്ങനെ നീളുന്നു പരസ്യത്തിന് ലഭിക്കുന്ന കമന്റുകൾ.
തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്കുള്ള് 260 കിലോമീറ്ററാണ് സിൽവർ ലൈൻ ദൂരം. ഒരു മണിക്കൂർ 56 മിനിറ്റ് കൊണ്ട് തൃശൂരിൽ എത്തുകയും ചെയ്യും. 715 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ നിന്നും തൃശൂരിലേക്ക് 64 കിലോമീറ്ററും 31 മിനിറ്റും എടുക്കും. 176 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്ന് 98 കിലോമീറ്ററാണ് ദൂരം, ടിക്കറ്റ് നിരക്ക് 269 രൂപയും. കാസർകോട് നിന്ന് 1 മണിക്കൂർ 58 മിനിറ്റും, 742 രൂപയുമാണ് കെ-റെയിൽ ഈടാക്കുക.















