കൊല്ലം: ഇസ്ലാം മതം ഉപേക്ഷിച്ചുപോകുന്നവരെ കൊല്ലണമെന്ന് ഇപ്പോഴും ഇവിടുത്തെ മതകേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നുണ്ടെന്ന് ഇസ്ലാം മതം ഉപേക്ഷിച്ച അസ്‌കർ അലി. ഇതേ കാരണത്താലാണ് തനിക്ക് നേരെയും വധഭീഷണി ഉയരുന്നതെന്ന് അസ്‌കർ അലി പറഞ്ഞു. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അസ്‌കർ അലി ഇക്കാര്യം പറയുന്നത്.
മലപ്പുറം സ്വദേശിയായ അസ്‌കർ അലി 12 വർഷത്തിലധികം നീണ്ട മതപഠനത്തിന് ശേഷമാണ് ഇസ്ലാം മതം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മതപഠനത്തിന്റെ ഭാഗമായി പഠിക്കേണ്ടി വന്ന കാര്യങ്ങൾ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ജീവിക്കാൻ ഉതകുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. ഇതിന് ശേഷം കൊല്ലത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അസ്‌കറിനെ ആക്രമിക്കാനും ശ്രമം നടന്നിരുന്നു.
മദ്രസകളിൽ പഠിപ്പിക്കുന്ന ഗ്രന്ഥത്തിൽ ആരെങ്കിലും ഇസ്ലാം മതം ഉപേക്ഷിച്ചാൽ അവനെ കൊന്നേക്കണമെന്ന് കൃത്യമായി പറയുന്നുണ്ടെന്ന് അസ്‌കർ ചൂണ്ടിക്കാട്ടി. ഇസ്ലാമിലെ കുറ്റങ്ങൾക്കുളള ശിക്ഷയെക്കുറിച്ച് പറയുന്നിടത്താണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇതിൽ ഒരു ഇളവും പാടില്ലെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മദ്രസകളിൽ പഠിപ്പിക്കുന്ന അറബ് ഗ്രന്ഥങ്ങളിൽ ഇത്തരം ധാരാളം കാര്യങ്ങൾ ഉണ്ടെന്നും അസ്‌കർ അലി വിശദീകരിച്ചു.
കഴിഞ്ഞ ദിവസം കൊല്ലത്തെ പരിപാടിയിൽ താൻ ഉന്നയിച്ച കാര്യങ്ങൾ സമൂഹം വേണ്ട രീതിയിൽ ചർച്ച ചെയ്തില്ല. താൻ ഉന്നയിച്ച ഗൗരവമുളള ആരോപണങ്ങൾ എല്ലാം മറച്ചുപിടിച്ച് അത് ഒരു പ്രത്യേക തരത്തിലേക്ക് വഴിതിരിച്ചുവിട്ട് അതിൽ മാത്രം ഫോക്കസ് ചെയ്യുന്ന സ്ഥിതിയാണ്. യഥാർത്ഥത്തിൽ താൻ എന്താണോ അവിടെ പറഞ്ഞത് അത് ഒന്നുകൂടി ആവർത്തിക്കാൻ വേണ്ടിയാണ് വാർത്താസമ്മേളനം എന്ന മുഖവുരയോടെയായിരുന്നു അസ്‌കർ തുടങ്ങിയത്.
മദ്രസയിൽ പഠിപ്പിക്കാനുളള അദ്ധ്യാപകരെ വാർത്തെടുക്കുന്ന, അതായത് ഇസ്ലാമിലെ പൗരോഹിത്യവർഗത്തെ വാർത്തെടുക്കുന്ന സ്ഥാപനത്തിലാണ് താൻ പഠിച്ചത്. സ്വാഭാവികമായും അവിടെ ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും പഠിപ്പിക്കും. ആ നിലയ്‌ക്കാണ് താൻ ആ നിയമങ്ങൾ പഠിച്ചതെന്നും അസ്‌കർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വധഭീഷണികളുടെ സ്‌ക്രീൻഷോട്ടുകൾ സഹിതം അസ്‌കർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും അതിനാലാണ് കൂടുതൽ പരാതികൾ നൽകാത്തതെന്നും അസ്‌കർ പറഞ്ഞു.
ഇസ്ലാം എന്ന് പറയുന്നതേ ഒരു പൊളിറ്റിക്‌സ് ആണ്. ഇപ്പോഴും പുനരുദ്ധാരണം നടക്കാത്ത രീതിയിലാണ് ഇസ്ലാം സമൂഹം. തനിക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചത് സമസ്തയും സമസ്തയുടെ അഭിഭാഷകരുമാണ്. ഒരു സംഘം ആളുകൾ അസ്‌കറിനെ തടങ്കലിൽ വെച്ചുവെന്നും പോയി രക്ഷിക്കണമെന്നുമാണ് ഇവർ പോലീസിലേക്ക് വിളിച്ചു പറയുന്നത്. അത് സമസ്തയുടെ അഭിഭാഷകരാണ് വിളിക്കുന്നത്. അല്ലാതെ തന്റെ കുടുംബാംഗങ്ങളല്ലെന്നും അസ്‌കർ പറഞ്ഞു.
മറ്റേതെങ്കിലും മതത്തിലുളള ഗ്രന്ഥങ്ങളാണെങ്കിൽ ഇക്കാര്യങ്ങൾ നേരത്തെ ചർച്ചയായേനെയെന്ന് എസ്സെൻസ് ഗ്ലോബൽ അധികൃതർ ചൂണ്ടിക്കാട്ടി. കാലഹരണപ്പെട്ട സംഗതികളാണ് പഠിപ്പിക്കുന്നത് എന്ന് പറയുമ്പോൾ ആരും കാര്യമായിട്ടെടുക്കുന്നില്ലെന്നും അവർ പറഞ്ഞു.















