ന്യൂയോർക്ക്: ഫ്‌ളോറിഡയുടെ കടൽ തീരത്തടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നും വൻ പ്ലാസ്റ്റിക്ക് ശേഖരം കണ്ടെത്തി. 47 അടി നീളമുള്ള തിമിംഗലമാണ് തീരത്തടിഞ്ഞത്. പോസ്റ്റ്‌മോർട്ടം നടത്തിയതോടെയാണ് വയറ്റിനുള്ളിൽ നിന്ന് കൂമ്പാരക്കണക്കിന് പ്ലാസ്റ്റിക്കുകൾ കണ്ടെത്താനായതെന്ന് ഫ്‌ളോറിഡയിലെ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
വലയുടെ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്ക് ബാഗുകൾ, മറ്റ് പ്ലാസ്റ്റിക്ക് വസ്തുക്കൾ എന്നിവ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും ലഭിച്ചു. ഇവ ശേഖരിച്ച് തരംതിരിക്കുകയും പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക്കുകൾ ശരീരത്തിൽ അടിഞ്ഞുകൂടി ആഹാരം കഴിക്കാൻ കഴിയാത്ത അവസ്ഥയായതാകാം തിമംഗലത്തിന്റെ ജീവന് ഭീഷണിയായതെന്നാണ് കരുതുന്നത്. കൂടുതൽ പരിശോധനകൾ നടത്തി തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്തുമെന്ന് വിദഗ്ധർ അറിയിച്ചു.
സ്‌പേം എന്ന വിഭാഗത്തിൽപ്പെടുന്ന തിമിംഗലമാണ് തീരത്തടിഞ്ഞത്. നിലവിൽ ഇത് വംശനാശ ഭീഷണി നേരിടുന്നവയാണ്. 1800-1987 കാലഘട്ടത്തിനിടയിൽ വലിയ തോതിൽ വേട്ടയാടപ്പെട്ടിരുന്ന ഇനം തിമിംഗലമാണിത്. അന്താരാഷ്‌ട്ര തിമിംഗല കമ്മീഷൻ തിമിംഗല-വേട്ട നിരോധിച്ചതോടെയാണ് ഇവ വീണ്ടും സമുദ്രങ്ങളിൽ കാണപ്പെടാൻ തുടങ്ങിയത്.
Comments