തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു. അതേസമയം ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ മുതൽ കേരളത്തിൽ അന്തരീക്ഷം മേഘാവൃതമായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പിൻവലിച്ചത്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. പാലക്കാടും വയനാടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെങ്കിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതേസമയം ചൊവ്വാഴ്ച മുഴുവൻ ജില്ലകളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
കാലവർഷത്തിന് മുന്നോടിയായി അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. കൂടാതെ തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ അപ്രതീക്ഷിതമായി മഴ കിട്ടാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.
Comments