തിരുവനന്തപുരം: മോഷണമാരോപിച്ച് യുവതിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ബ്യൂട്ടിപാർലർ ഉടമ അറസ്റ്റിൽ. ശാസ്തമംഗലത്തെ ബ്യൂട്ടി പാർലർ ഉടമയായ മീനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പോലീസിന്റെതാണ് നടപടി.
തിരുവനന്തപുരം ശാസ്തമംഗലത്ത് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വള മോഷ്ടിച്ചെന്നാരോപിച്ചാണ് യുവതിയെ മർദ്ദിച്ചത്. ആക്രമണത്തിനിരയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
പാർലറിന് മുന്നിൽ വന്നിരുന്നപ്പോൾ അവിടെ നിന്നും മാറിയിരിക്കാൻ ഉടമയായ മീന ആവശ്യപ്പെട്ടു. കുറച്ച് സമയം താനിവിടെ ഇരിക്കട്ടെയെന്ന് യുവതി പറഞ്ഞപ്പോൾ മോഷണത്തിനാണ് വന്നതെന്ന് ആരോപിച്ച് തല്ലുകയായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട യുവതി പറയുന്നു. നാളുകൾക്ക് മുമ്പ് മീനയുടെ വള മോഷ്ടിച്ചത് യുവതിയാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. തിരുവനന്തപുരം മരുതംകുഴി സ്വദേശിയായ യുവതിയാണ് ആക്രമണം നേരിട്ടത്.
എന്നാൽ യുവതി പാർലറിന് അകത്തേക്ക് വന്ന് മൊബൈൽ ഫോൺ ആവശ്യപ്പെട്ടുവെന്നും കൊടുക്കാതെ വന്നപ്പോൾ അസഭ്യം പറഞ്ഞുവെന്നുമാണ് പാർലറിന്റെ ഉടമയായ മീന ഇക്കാര്യത്തിൽ പ്രതികരിച്ചത്. അസഭ്യത്തിന് പിന്നാലെ വാക്കുതർക്കമായെന്നും ഇത് മർദ്ദനത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും മീന പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ മർദ്ദനമേറ്റ യുവതിയുടെ പരാതിയിൻമേലാണ് പോലീസ് കേസെടുത്തത്. നിലവിൽ അറസ്റ്റിലായ നീനയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Comments