കുന്നംകുളം: ആലപ്പുഴയിൽ വിദ്വേഷറാലി നടത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്ന യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പോലീസാണ് കുന്ദംകുളത്ത് നിന്നും യഹിയാ തങ്ങളെ രാവിലെ കസ്റ്റഡിയിലെടുത്തത്.
തൃശൂർ പെരുംമ്പിലാവ് സ്വദേശിയായ യഹിയാ തങ്ങൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. കേസിൽ പിടിയിലാകുന്ന ആദ്യ സംസ്ഥാന നേതാവാണ് യഹിയാ തങ്ങൾ. അറസ്റ്റിന് പിന്നാലെ കുന്ദംകുളം പോലീസ് സ്റ്റേഷന് മുൻപിൽ അൻപോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടി.
പ്രകോപന മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവർത്തകർ നിലയുറപ്പിച്ചത്. ഇതിനിടെ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ പോലീസ് വാഹനം തടഞ്ഞിടാനും പോലീസുകാരെ ഭീഷണിപ്പെുടത്താനും പ്രവർത്തകർ ശ്രമിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേതാക്കൾ ബലം പ്രയോഗിച്ച് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
നേരത്തെ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, വിവാദമായ ജനമഹാസമ്മേളനം സംഘടിപ്പിക്കാൻ മുന്നിൽ നിന്ന ജില്ലാ നേതാക്കൾ തുടങ്ങി 25 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അഷ്കറും ഇതിൽ ഉൾപ്പെടും. ഇതിന് പിന്നാലെയാണ് യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തത്.
Comments