അഹമ്മദാബാദ് : സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി. ഗുജറാത്ത് സ്വദേശിയായ 24 കാരി ക്ഷമ ബിന്ദുവാണ് വരനെ വേണ്ടെന്ന് തീരുമാനിച്ച് സ്വയം വിവാഹത്തിന് ഒരുങ്ങുന്നത്. എല്ലാ പരമ്പരാഗത ആചാരങ്ങളോടും കൂടി ജൂൺ 11 നാണ് വിവാഹം നടക്കുക. ഗുജറാത്തിലെ ആദ്യ സോളോഗമി വിവാഹം ആയിരിക്കും ഇത് എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്ന് ക്ഷമ പറയുന്നു. പക്ഷെ വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്ന് ക്ഷമ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ഓൺലൈൻ മാദ്ധ്യമങ്ങളിൽ തിരഞ്ഞെങ്കിലും അങ്ങനെയൊന്ന് കണ്ടെത്താനായില്ല. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് സ്വയം വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് ക്ഷമ പറയുന്നു.
”സ്വയം വിവാഹം എന്നത് തന്നോട് തന്നെയുള്ള നിരുപാധികമായ സ്‌നേഹമാണ്. അത് സ്വയം അംഗീകരിക്കാനുള്ള ഒരു മനസ്സാണ്്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്‌നേഹിക്കുന്നു, അതിനാൽ എന്നെ തന്നെ വിവാഹം കഴിക്കുന്നു.” ക്ഷമ പറഞ്ഞു.
സ്വയം വിവാഹം അപ്രസക്തമാണെന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ യഥാർത്ഥത്തിൽ താൻ പറയുന്നത് സ്ത്രീകളുടെ കാര്യമാണെന്ന് ക്ഷമ പറഞ്ഞു. മാതാപിതാക്കൾ കല്യാണത്തിന് അനുഗ്രഹം നൽകിയിട്ടുണ്ടെന്നും ഹണിമൂൺ ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത് എന്നും ക്ഷമ കൂട്ടിച്ചേർത്തു.















