തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം.പാറശാല സ്വദേശി സുബിതയാണ് മരിച്ചത്. 38 വയസ്സായിരുന്നു. പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം തീയതിയോടെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനി ഉൾപ്പെടെയുള്ള അസ്വസ്ഥതകൾക്കൊപ്പം ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് 10ാം തീയതി മെഡിക്കൽ കോളജിൽ സുബിതയെ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ചെള്ളുപനി മരണമാണിത്. ഇതേ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതി ചെള്ളുപനി ബാധിച്ച് മരണപ്പെട്ടിരുന്നു. പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മരുന്ന് നൽകി ആശുപത്രി അധികൃതർ വീട്ടിലേക്ക് തിരികെ അയച്ചു. പിറ്റേ ദിവസം അശ്വതി വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒരാഴ്ചയ്‌ക്കിടെ തന്നെ അശ്വതിയുടെ ഓക്‌സിജൻ ലെവൽ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.ഇവരുടെ വീട്ടിലെ നായയിലും ചെള്ളുപനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.















