തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിരവധി ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ സാധ്യതയും തള്ളിക്കളയുന്നില്ല.
ജൂൺ 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളത്.
കേരള കർണാടക തീരങ്ങളിൽ നിന്നും മത്സ്യതൊഴിലാളികൾ നാളെ മുതൽ 21-ാം തിയതി വരെ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്തും വിലക്കുണ്ട്.
Comments