മുംബൈ: ബജാജിന്റെ സ്‌കൂട്ടറുകൾ പഴയ തലമുറയുടെ ഇഷ്ടവാഹനങ്ങളിൽ ഒന്നാണ്. ഇന്നും ഇത് നൊസ്റ്റാൾജിയയുടെ ഭാഗമായി വീട്ടിൽ സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. വ്യവസായി ആനന്ദ് മഹീന്ദ്ര സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ഒരു ബജാജ് സ്‌കൂട്ടറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയുടെ മനസ് കവർന്നുകഴിഞ്ഞു.
ചില ടൂറിസ്റ്റ് ബസുകളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ വർണബൾബുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ച സ്‌കൂട്ടറിന്റെ ദൃശ്യങ്ങളാണ് വൈറലായത്. വാഹനം കണ്ടാൽ ഒറ്റനോട്ടത്തിൽ സ്‌കൂട്ടറാണെന്ന് പോലും തിരിച്ചറിയാൻ പണിപ്പെടും.
പല നിറങ്ങളിലുളള സീരിയൽ ലൈറ്റിംഗ് മുതൽ എൽഇഡി മോണിട്ടർ വരെ സ്‌കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവിതം നിറസമ്പന്നവും ആസ്വാദ്യകരവും ആക്കാമെന്നാണ് അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ച ക്യാപ്ഷൻ. നമ്പർ പ്ലേറ്റ് ഒഴികെയുളള എല്ലാ ഭാഗങ്ങളിലും മിന്നിത്തെളിയുന്ന വിവിധ നിറങ്ങളിലെ ലൈറ്റുകൾ സ്‌കൂട്ടറിന്റെ രാത്രിക്കാഴ്ച കൂടുതൽ മനോഹരമാക്കുന്നു.
എംപി 20 ൽ തുടങ്ങുന്നതാണ് സ്‌കൂട്ടറിന്റെ നമ്പർ. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുളള സ്‌കൂട്ടറാണെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. എൽഇഡി മോണിട്ടറിലെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം ശബ്ദവും ആസ്വദിക്കാൻ സ്പീക്കറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. പഴയകാല ഹിന്ദി ഗാനവും വീഡിയോയ്‌ക്ക് ഒപ്പം പശ്ചാത്തലത്തിൽ കേൾക്കാം.
Life can be as colourful and entertaining as you want it to be… #OnlyInIndia pic.twitter.com/hAmmfye0Fo
— anand mahindra (@anandmahindra) June 17, 2022
രസകരമായ നിരവധി കമന്റുകളും ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് താഴെയുണ്ട്. ചെറിയ നിക്ഷേപത്തിൽ വലിയ ഇംപാക്ട് എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. സ്‌കൂട്ടറിന്റെ മനോഹാരിതയെ ആണ് പലരും പുകഴ്‌ത്തുന്നത്. ഈ സ്‌കൂട്ടറിൽ സഞ്ചരിക്കാൻ ഏറ്റവും യോഗ്യനായ സെലിബ്രിറ്റി ആനന്ദ് മഹീന്ദ്രയാണെന്നും ഒരാൾ അഭിപ്രായപ്പെടുന്നു.
Comments