തിരുവനന്തപുരം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കലിന്റെ ഇടനിലക്കാരിയും മുൻ സുഹൃത്തുമായ അനിത പുല്ലയിൽ ലോക കേരളസഭ വേദിയിൽ. സഭാടിവി ഓഫീസിലായിരുന്നു അനിതാ പുല്ലയിൽ ഇരുന്നിരുന്നത്. അതേസമയം അനിത പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെന്ന് നോർക്ക വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി അനിത ലോക കേരളസഭ വേദിയിൽ തുടരുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഇവരെ പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ എപ്രകാരമാണ് നിയമസഭ സമുച്ചയത്തിലെത്തിയതെന്ന കാര്യം വ്യക്തമല്ല.
മോൺസൻ മാവുങ്കലിന്റെ തട്ടിപ്പുകഥകൾക്കൊപ്പമാണ് പ്രവാസി മലയാളി ഫെഡറേഷൻ കോർഡിനേറ്റർ കൂടിയായ അനിതയുടെ പേര് വാർത്തകളിൽ ഇടംപിടിച്ചത്. കഴിഞ്ഞ രണ്ട് ലോക കേരളസഭയിലും പ്രവാസികളുടെ പ്രതിനിധിയായി അനിത പങ്കെടുത്തിരുന്നുവെങ്കിലും ഇത്തവണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒഴിവാക്കുകയായിരുന്നു. ഈ സാഹചര്യത്തിലും സഭയുടെ വേദിയിൽ സജീവമായി അനിത പങ്കെടുത്തുവെന്നാണ് പുറത്തുവന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
Comments