ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. ദിവസേന പതിനായിരത്തിന് മുകളിൽ പ്രതിദിന രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
എന്നാൽ ഇന്നലെത്തേക്കാൾ 2.4 ശതമാനം കുറവ് രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം 8,518 പേർ കൂടി ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗമുക്തി നിരക്ക് 98.62 ശതമാനമായി ഉയർന്നു. രാജ്യത്ത് ഇതുവരെ 4,26,99,363 പേരാണ് രോഗമുക്തി നേടിയത്. അതേസമയം കൊറോണ ബാധിച്ച് 15 മരണം കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,24,855 ആയി.
നിലവിൽ 72,474 രോഗികൾ രാജ്യത്ത് ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്നലെത്തേക്കാൾ 4,366 സജീവരോഗികളാണ് ഇന്ന് കൂടിയത്. ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ് (3,883). രണ്ടാം സ്ഥാനത്താണ് കേരളം. ഇന്നലെ 3,253 പോസിറ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കൊറോണ വ്യാപനം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ കർണാടക, ഹരിയാന, ഡൽഹി എന്നിവയാണ്.
Comments