ചെന്നൈ: പത്ത് രൂപയുടെ നാണയങ്ങൾ നൽകി കാർ വാങ്ങിയ യുവാവിന്റെ കഥ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. തമിഴ്നാട് അരൂർ സ്വദേശിയായ വെട്രിവേലാണ് പത്ത് രൂപ നാണയങ്ങൾ നൽകി ആറ് ലക്ഷം രൂപ വിലമതിയ്ക്കുന്ന കാർ സ്വന്തമാക്കിയത്. പത്ത് രൂപ നാണയങ്ങളോട് പ്രദേശവാസികൾക്കുള്ള ഇഷ്ടക്കേടാണ് യുവാവിനെ നാണയങ്ങൾ ഉപയോഗിച്ച് തന്നെ കാർ വാങ്ങാൻ പ്രേരിപ്പിച്ചത്.
വെട്രിവേലന്റെ അമ്മ കടനടത്തിയാണ് ഉപജീവനം നടത്തുന്നത്. കടയിലെത്തുന്ന പ്രദേശവാസികൾ പത്ത് രൂപ നാണയം ബാക്കിയായി വാങ്ങിക്കിക്കാറില്ല. അങ്ങനെ സൂക്ഷിച്ച് വെച്ച ആറ് ലക്ഷം മൂല്യം വരുന്ന നാണയങ്ങൾ വെച്ചാണ് വെട്രിവേൽ ഇപ്പോൾ കാർ സ്വന്തമാക്കിയത്.
ചാക്കുകളിൽ നിറച്ച നാണയങ്ങളുമായി കാർ വാങ്ങാനെത്തിയ യുവാവിനെ കണ്ട ധർമപുരിയിലെ കാർ ഡീലർമാർ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും യുവാവിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. മണിക്കൂറുകളെടുത്താണ് നാണയങ്ങൾ എട്ടിത്തിട്ടപ്പെടുത്തിയത്.
പത്തുരൂപ നാണയങ്ങൾ റിസർവ്വ് ബാങ്ക് പിൻവലിച്ചിട്ടില്ലെന്നും പത്ത് രൂപ നാണയത്തിനും വിലയുണ്ടെന്നും നാട്ടുകാരെ ബോധ്യപ്പെടുത്താനും കൂടിയാണ് തന്റെ ഈ പ്രവർത്തിയെന്ന് യുവാവ് കൂട്ടിച്ചേർത്തു.
Comments