തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇ.ഡിക്ക് ലഭിക്കുക. ഇ.ഡി നൽകിയ അപേക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മെഴിപ്പകർപ്പ് ഇ.ഡിക്ക് കൈമാറുന്നത്.
അതേസമയം ഡോളർ കടത്ത് കേസിൽ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി. കസ്റ്റംസ് അഭിഭാഷകന്റെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. സ്വർണ്ണക്കടത്ത് കേസിലും, ഡോളർ കടത്ത് കേസിലും 2020ലാണ് സ്വപ്ന കസ്റ്റംസിന് രഹസ്യമൊഴി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർക്കെതിരെ പരാമർശങ്ങൾ ഉണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത്കുമാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നു. രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി നേരത്തേയും കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും കസ്റ്റംസിന്റെ എതിർപ്പിനെ തുടർന്ന് അപേക്ഷകൾ തള്ളിയിരുന്നു.
Comments