തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ പാർട്ടി പ്രവർത്തകർ ഏറ്റെടുത്താൽ ഒരാളും അടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടത് സർക്കാർ അധികാരത്തിലേറിയത് പലർക്കും ഇഷ്ടമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എൽഡിഎഫ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
മുഖ്യമന്ത്രിയുടെ സുരക്ഷ തങ്ങൾ ഏറ്റെടുത്താൽ ഒരാളും അടുക്കില്ല. മുഖ്യമന്ത്രിക്ക് നേരെ എറിയുന്ന ഓരോ കല്ലും തിരിച്ചെറിയാൻ പറ്റിയ ആളുകൾ ഇടതു പക്ഷത്തുണ്ട്. സർക്കാരിനെ പുറത്താക്കണം എന്നാണ് പ്രതിപക്ഷ ശ്രമം. പ്രതിപക്ഷത്തിന് ജനങ്ങൾ മറുപടി നൽകുമെന്നും കോടിയേരി പറഞ്ഞു.
സ്വപ്ന സുരേഷ് കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണ്. ബിരിയാണി ചെമ്പിൽ സ്വർണം കടത്തേണ്ട കാര്യമുണ്ടോ. പ്രതിപക്ഷം അപസർപ്പക കഥകൾ മെനയുകയാണ്. സർക്കാരിനെതിരായ ആരോപണങ്ങളിൽ വസ്തുതകൾ ഉണ്ടെങ്കിൽ അന്വേഷണം നടത്തട്ടെ. സത്യം കണ്ടെത്തട്ടെ. എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് പലർക്കും ഇഷ്ടം ആയിട്ടില്ല. ഇത് എതിരാളികളുടെ സമനില തെറ്റിച്ചു. പ്രതിപക്ഷം സർക്കാരിന് അവമതിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.
Comments