തൃശ്ശൂർ: വാടാനപള്ളിയിൽ പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ചാപ്പക്കടവ് സ്വദേശികളായ ശ്രീലത, മനീഷ് , മഹേഷ്, വള്ളിയമ്മ, റഹ്മത്ത് അലി എന്നിവർക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്.
രാത്രി എട്ടരയോടെയായിരുന്നു സംഭവം. സിലിണ്ടറിൽ ചോർച്ചയുള്ളതിനെ തുടർന്ന് പാചകവാതകം കൊണ്ടുവരുന്ന വാഹനത്തിലെ ഡ്രൈവർ ആയ റഹ്മത്ത് അലിയെ നന്നാക്കാൻ വിളിച്ചിരുന്നു. റഹ്മത്ത് അലി നന്നാക്കുന്നതിനിടെ സ്പാർക്കുണ്ടാകുകയായിരുന്നു. തുടർന്ന് തീപിടിത്തം ഉണ്ടായി. അപകടത്തിൽ റഹ്മത്ത് അലിയ്ക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്.
പരിക്കേറ്റവരിൽ അഞ്ച് പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഹ്മത്ത് അലിയുടെ കൈക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്.
Comments