തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിനാണ് വരൻ. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. നടൻ സുരേഷ് ഗോപി അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവാഹത്തിന് ശേഷമുള്ള വിരുന്നു സത്കാരം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി കുട്ടികളോടൊപ്പമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മഞ്ജരിയുടെ പുനർവിവാഹമാണിത്. മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയാണ് പത്തനംതിട്ട സ്വദേശിയായ ജെറിൻ.
കർണാടിക്, ഹിന്ദുസ്ഥാനി ആലാപന ശൈലികളിൽ ഉൾപ്പെടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള മഞ്ജരി 2005-ലാണ് പിന്നണി ഗായക രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. പൊൻമുടി പുഴയോരത്ത് എന്ന ചിത്രത്തിലെ ”ഒരു ചിരി കണ്ടാൽ” എന്ന ആദ്യ ഗാനം മഞ്ജരിയെ ശ്രദ്ധേയയാക്കിയിരുന്നു. മകൾക്ക് എന്ന ചിത്രത്തിലെ ”മുകിലിൻ മകളേ” എന്ന ഗാനത്തിന് സംസ്ഥാന അവാർഡും 2005-ൽ തന്നെ മഞ്ജരി സ്വന്തമാക്കി.
Comments