കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡിന് എതിർഭാഗത്തുള്ള ഹാർബർ വ്യൂ ഹൈഫ്ലൈ ബാർ എക്സൈസ് പൂട്ടിച്ചു. പ്രവർത്തന സമയം കഴിഞ്ഞും ബാർ തുറന്നിടുകയും മദ്യം വിളമ്പുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് എക്സൈസ് ഇത് പൂട്ടിച്ചത്. ഇവിടെ രാത്രി 11.30 ന് മദ്യം നൽകിയ ബില്ല് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. വിദേശ വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പിയതിലൂടെ ഹൈഫെ്ലൈ ബാർ അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷവും ബാർ പ്രവർത്തിപ്പിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ലഹരി കണ്ടെത്തിയതായും വിവരമുണ്ട്. ഹോട്ടലിനെതിരെ നടപടിയെടുക്കാൻ പോലീസ് എക്സൈസിന് ശുപാർശ ചെയ്തതായാണ് വിവരം. തുടർന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉദ്യോഗസ്ഥർ ബാറിൽ നടക്കുന്ന പ്രവർത്തികൾ നിരീക്ഷിച്ചുവരികയാണ്.
ലൈസൻസ് ഉപാധികൾ ലംഘിച്ചാൽ നടപടി എടുക്കാൻ കമ്മീഷണർക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുന്നത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ ആദ്യ പബ് എന്ന പ്രചാരണത്തോടെ ആരംഭിച്ച ബാർ ഹോട്ടലിൽ സ്ത്രീകൾ മദ്യം വിളമ്പിയതു വൻ വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കേസെടുത്ത് ഹോട്ടൽ മാനേജരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments