ആലപ്പുഴ: അടുക്കളയിലേക്കുള്ള ആവശ്യത്തിനായി വിറക് ശേഖരിക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ പ്രകാശന്റെ ഭാര്യ ദീപയാണ് മരിച്ചത്. 44 വയസായിരുന്നു.
ശനിയാഴ്ച രാവിലെ 11.45ഓടെയായിരുന്നു അപകടം. അടുക്കളയിൽ പാചക ആവശ്യത്തിനായി വിറക് ശേഖരിക്കുകയായിരുന്നു ദീപ. വീടിന്റെ പുറത്ത് ചുമരിനോട് ചേർത്ത് വെച്ചിരുന്ന വിറകായിരുന്നു ദീപയെടുത്തത്. തുടർന്ന് അടുക്കളയിലെത്തിയപ്പോൾ കയ്യിൽ മുറിവ് കാണുകയായിരുന്നു. വിറക് കൊണ്ട് മുറിഞ്ഞതാണെന്ന് ആദ്യം കരുതിയതിനാൽ പ്രാഥമിക ശുശ്രൂഷകളൊന്നും തന്നെ ദീപയ്ക്ക് ലഭിച്ചില്ല.
എന്നാൽ കുറച്ച് സമയം പിന്നിട്ടതോടെ മുറിവ് പറ്റിയ വിരലിൽ നിറം മാറുകയും മറ്റ് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. ഇതോടെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ ദീപയെ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് മക്കളുടെ അമ്മയാണ് ദീപ. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Comments