ബീജിംഗ്: ചൊവ്വാഗ്രഹത്തിന്റെ സമഗ്രവിവരം ശേഖരിച്ചെന്ന അവകാശവാദവുമായി ചൈന. ചൊവ്വയെ നിരീക്ഷിക്കാൻ അയച്ച തിയാൻവാൻ-1 എന്ന പര്യവേഷണ വാഹനമാണ് എല്ലാ ഭാഗത്തു നിന്നുമുള്ള രഹസ്യങ്ങൾ ശേഖരിച്ചതെന്നാണ് ചൈനീസ് ബഹിരാകാശ വകുപ്പ് പറയുന്നത്. ചൈനയുടെ നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷനാണ്(സിഎൻഎസ്എ) വിവരം പുറത്തുവിട്ടത്.
‘ചൈനയുടെ ചൊവ്വാദൗത്യത്തിലെ നിർണ്ണായക ഘട്ടമാണ് കടന്നിരിക്കുന്നത്. 706 ദിവസങ്ങളെടുത്ത് ചൊവ്വയ്ക്ക് ചുറ്റും 1344 തവണ വലം വെച്ചാണ് പര്യവേക്ഷണ വാഹനം ചിത്രങ്ങളെടുത്തത്. മീഡിയം റസല്യൂഷനിലുള്ള ചിത്രങ്ങളാണ് തിയാൻവെൻ-1 പങ്കുവെച്ചത്. ആകെ 1040 ജിഗാബൈറ്റ് വിവരങ്ങളാണ് ചിത്രങ്ങളായി ശേഖരിച്ചത്.’ സിഎൻഎസ്എ വക്താവ് അറിയിച്ചു.
തിയാൻവെൻ-1 എന്ന പര്യവേഷണ വാഹനത്തിൽ ചുറ്റി സഞ്ചരിക്കുന്ന ഭാഗവും ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി പരിശോധിക്കുന്ന ലാന്ററും ചൊവ്വയിൽ സഞ്ചരിക്കാൻ സാധിക്കുന്ന സുറോംഗ് എന്ന് പേരിട്ട റോവറുമാണുള്ളത്. ചൊവ്വയുടെ അതിവിശാലമായ പ്രദേശമെന്ന് അറിയപ്പെടുന്ന ഉട്ടോപ്പിയ പ്ലാനീഷിയ എന്ന മേഖലയിലെ മാർട്ടിയാൻ സമതലത്തിലാണ് 2021 മെയ് മാസം 15-ാം തിയതി വാഹനം പരിശോധന നടത്തിയത്.
സുറോംഗ് റോവർ 2021 മെയ് 22ന് ആരംഭിച്ച പര്യവേഷണം ആഗസ്റ്റ് 15നാണ് പൂർത്തിയായത്. എന്നാൽ വീണ്ടും ചൊവ്വാ ദൗത്യം തുടർന്നുകൊണ്ടേയിരിക്കുകയാണ്. റോവർ ചൊവ്വാ സമതലത്തിൽ 1921 മീറ്റർ ദൂരമാണ് സഞ്ചരിച്ചത്.
Comments