തന്റെ പിറന്നാൾ ദിനം നൃത്തം ചെയ്ത് ആഘോഷമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവിൽ ഇംഗ്ലണ്ടിലാണ് ക്രിക്കറ്റ് പ്രേമികളുടെ ദാദ. തന്റെ 50-ാം ജന്മദിനം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇംഗ്ലണ്ടിൽ വെച്ച് ആഘോഷിക്കുകയാണ് താരം. ലണ്ടനിലെ തെരുവുകളിൽ നൃത്തം ചെയ്തുകൊണ്ട് പിറന്നാൾ ആഘോഷിച്ച ഗാംഗുലിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. “ലണ്ടൻ തുമക്ഡ” എന്ന ജനപ്രിയ ഗാനത്തിൽ ഗാംഗുലി തന്റെ ഭാര്യയോടും മകളോടുമൊപ്പം നൃത്തം ചെയ്യുന്നത് വൈറലാകുന്ന വീഡിയോയിൽ കാണാം.
കൊൽക്കത്തയുടെ രാജകുമാരനെന്നും ബംഗാൾ കടുവയെന്നും ആരാധകർ വിശേഷിപ്പിക്കുന്ന ഗാംഗുലിയ്ക്ക് ഇന്നും നിലയ്ക്കാത്ത ആരാധകവൃന്ദങ്ങളുണ്ട്. താരത്തിന്റെ അമ്പതാം പിറന്നാൾ ആരാധകർ ആഘോഷമാക്കുകയാണ്. നിരവധി പേരാണ് ദാദയ്ക്ക് ആശംസകൾ നേർന്ന് രംഗത്ത് വന്നത്.
സച്ചിൻ ടെണ്ടുൽക്കർ, ബിസിസിഐ സഹപ്രവർത്തകരായ ജയ് ഷാ, രാജീവ് ശുക്ല എന്നിവർക്കൊപ്പം വ്യാഴാഴ്ച ഗാംഗുലി തന്റെ പ്രീ-ബർത്ത്ഡേ ആഘോഷങ്ങൾ നടത്തിയിരുന്നു. ഗാംഗുലി, ടെണ്ടുൽക്കർ, ജയ് ഷാ എന്നിവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം ശുക്ല ട്വിറ്ററിൽ പങ്കുവെച്ചു. ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കുമൊപ്പം സച്ചിനും ഭാര്യ അഞ്ജലിയും നിൽക്കുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് ആരാധകർക്ക് അധിക മധുരം നൽകികൊണ്ട് ലണ്ടൻ തെരുവീഥിയിൽ ദാദ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Comments