ന്യൂഡൽഹി: അഞ്ച് വർഷത്തിന് ശേഷം രാജ്യത്തെ പെട്രോൾ വാഹനങ്ങൾ അപ്രത്യക്ഷമാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പെട്രോൾ വാഹനങ്ങൾക്ക് പകരം ഹരിത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളായിരിക്കും രാജ്യത്തെ നിരത്തുകൾ കീഴടക്കുകയെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യത്തിന് പിറകിലാണ് രാജ്യം. ഇതിനായി ഇലക്ട്രിക്, സിഎൻജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോൾ വാഹനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുമെന്നും ഇതിന് ശേഷം ഫോസിൽ ഫ്യുവൽ നിരോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
” പൂർണ്ണ വിശ്വാസത്തോടെ, അഞ്ച് വർഷത്തിന് ശേഷം രാജ്യത്ത് നിന്ന് പെട്രോൾ അപ്രത്യക്ഷമാകുമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കാറുകളും സ്കൂട്ടറുകളും ഒന്നുകിൽ ഹൈഡ്രജൻ, എഥനോൾ ഫ്ലെക്സ് ഇന്ധനം, സിഎൻജി ആയിരിക്കുമെന്ന്” കേന്ദ്രമന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലെ അകോലയിൽ പഞ്ചാബ്റാവു ദേശ്മുഖ് കൃഷി വിദ്യാപീഠ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അദ്ദേഹത്തിന് ഓണററി ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി ആദരിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാർഷിക വളർച്ച 12 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വർദ്ധിപ്പിക്കാൻ കാർഷിക ഗവേഷകരോടും വിദഗ്ധരോടും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.
Comments