കോഴിക്കോട്: മുസ്ലീംലീഗ് യോഗത്തിൽ രാജി ഭീഷണി മുഴക്കി മുൻ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. വിമർശനം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹം ഭീഷണിമുഴക്കിയത്.
താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ടെന്ന കെഎസ് ഹംസയുടെ പരാമർശമാണ് പ്രകോപനത്തിന് കാരണമായത്. ഹംസയുടെ പരാമർശത്തിന് പിന്നാലെ എന്നാൽ താൻ രാജി എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വിമർശനമുയർത്തി. ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂർത്തടിക്കരുതെന്നും പികെ ബഷീർ എംഎൽഎയും കുറ്റപ്പെടുത്തി.
ഇതിന് മുൻപ് ഇടുപക്ഷപ്രവേശനം സംബന്ധിച്ച ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി നൽകിയ മറുപടി ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. യുഡിഎഫ് നന്നായാൽ വിട്ടുപോയ കക്ഷികൾ തിരികെ വരുമെന്നാണ് പ്രതീക്ഷ. ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന തീരുമാനം എല്ലാക്കാലത്തേക്കും ഉള്ളതല്ല. എന്നാലത് ഇപ്പോൾ ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.















