പാലക്കാട്: നടൻ ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനുമെതിരെ കേസ്. ഒറ്റപ്പാലം പോലീസാണ് ദമ്പതിമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എസ്പിയുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
2017 ൽ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് വഴി നൽകിയെന്ന് പരാതിയിൽ പറയുന്നു
ഇതിന് മുൻപും ബാബുരാജിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി കബളിപ്പിച്ചെന്നായിരുന്നു കേസ്.
കയ്യേറ്റ ഭൂമിയാണെന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാൻ ആവശ്യപ്പെട്ട റിസോർട്ടാണ് ബാബുരാജ് തനിക്ക് പാട്ടത്തിന് നൽകിയതെന്നായിരുന്നു പരാതിക്കാരനായ അരുൺ ആരോപിച്ചത്.
Comments