കൊച്ചി: സംസ്ഥാനത്ത് ഇനി തിയേറ്ററുകളിൽ ഫ്ളക്സി ടിക്കറ്റുകളും. കുറി സിനിമയാണ് കേരളത്തിൽ ഫ്ളക്സി ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവാണ് നിർമ്മാതാവായ സിയാദ് കോക്കർ പ്രഖ്യാപിച്ചിരിക്കുന്നത്. മൾട്ടിപ്ലക്സ് ഒഴികെയുള്ള തിയേറ്ററുകളിൽ നേരിട്ടെത്തി മൂന്നിൽ കൂടുതൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഇളവ് ലഭ്യമാവുക. തിയേറ്ററുകളിലേക്ക് കാണികളെ മടക്കിക്കൊണ്ട് വരാനാണ് ഈ നടപടിയെന്ന് സിയാദ് കോക്കർ പറഞ്ഞു.
ഓഫർ ഇങ്ങനെയാണ് ‘കുറി’ സിനിമ കാണാൻ നാല് പേർ ചേർന്നാണ് തിയേറ്ററുകളിലേക്ക് പോകുന്നതെങ്കിൽ രണ്ട് പേരുടെ പണം നൽകിയാൽ മതിയാകും. മൾട്ടിപ്ലക്സ് ഒഴികെയുള്ള തിയേറ്ററുകളിൽ റിലീസിന്റെ ആദ്യ ആഴ്ചയിലാണ് 50 % ഇളവ് ലഭിക്കുക.
കൊറോണയ്ക്ക് ശേഷം തിയേറ്ററുകളിലേക്ക് കാണികളെ തിരികെയെത്തിക്കാൻ ആഴ്ചയിലെ മൂന്ന് ദിവസങ്ങളിൽ തിയേറ്ററുകളിൽ ഫ്ളക്സി ടിക്കറ്റ് നിരക്ക് നടപ്പാക്കണമെന്ന് ഫിലിം ചേമ്പർ യോഗത്തിൽ അഭിപ്രായമുയർന്നിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സിയാദ് കോക്കർ സ്വന്തം സിനിമയ്ക്ക് ഇളവ് പ്രഖ്യാപിച്ചത്.
വിഷ്ണു ഉണ്ണി കൃഷ്ണൻ, സുരഭി ലക്ഷ്മി, അതിഥി രവി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കുറി; കെ ആർ പ്രവീണാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Comments