തിരുവനന്തപുരം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം നടന്നത് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സമ്മതിച്ച് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥ്. പ്രതിഷേധത്തിന് ശേഷം ഇത് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. ചോദ്യം ചെയ്യലിനായി ശംഖുമുഖം എസി ഓഫീസിൽ ഹാജരായതിന് പിന്നാലെയാണ് ശബരീനാഥിന്റെ വെളിപ്പെടുത്തൽ.
വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തിയത്. എന്നാൽ ഇതിനെ വക്രീകരിച്ച് വധശ്രമമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് കെഎസ് ശബരീനാഥ് പറഞ്ഞു. മുഖ്യമന്ത്രിയുടെയും, സി.പി.ഐ.എമ്മിന്റെയും,ഇ.പി.ജയരാജന്റെയും ഭീരുത്വമാണ് ഇതിലൂടെ തെളിയുന്നത്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും മുൻ എംഎൽഎ പറഞ്ഞു.
ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സംഘടന ആലോചിച്ചാണ് വിമാനത്തിൽ സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കേസെടുത്ത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയാണെന്നും പാർട്ടി നിർദ്ദേശപ്രകാരമല്ല യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും ശബരീനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസിന് നൽകുമെന്നും മുൻ എംഎൽഎ അറിയിച്ചു.
Comments