മകളുടെ ആദ്യ ഹീറോ: ഹെയർഓയിലിലൂടെ 85 ാം വയസിൽ ബിസിനസ് ലോകത്ത് ഇടം പിടിച്ച പിതാവ്
ന്യൂഡൽഹി: പെൺമക്കളുടെ ആദ്യ ഹീറോ അച്ഛനാണെന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗം ആളുകളും. കുറുമ്പും ദേഷ്യവും കാണിക്കുന്ന പെൺമക്കളുടെ ഏത് ആഗ്രഹവും സാധിച്ച് നൽകാനും ഏത് പ്രശ്നങ്ങളും പരിഹരിക്കാനും അച്ഛൻ നിഴൽപോലെ കൂടെയുണ്ടാവാറുണ്ട്.
അങ്ങനെ മകളുടെ ഒരു പ്രശ്നത്തിന് പരിഹാരം കാണാനായി പ്രയത്നിച്ച് ഒടുവിൽ ഒരു വലിയ ബിസിനസ് തന്നെ ആരംഭിച്ച ഒരു വൃദ്ധപിതാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നനാജി എന്നറിയപ്പെടുന്ന 85 കാരനായ രാധാകൃഷ്ണ ചൗധരിയാണ് കഥയിലെ താരം.
കൊറോണാനന്തരം മകൾക്ക് മുടികൊഴിച്ചിൽ വന്നതാണ് രാധാകൃഷ്ണ ചൗധരിയെ വലിയ സംരംഭകനാക്കി മാറ്റിയത്. ഇടതൂർന്ന മുടിയുണ്ടായിരുന്ന മകൾ വിനീതയ്ക്ക് കൊറോണ മാറിയതോടെ വലിയ മുടികൊഴിച്ചിൽ വന്നു. നിരവധി ഹെയർ ഓയിലുകൾ പരീക്ഷിക്കുകയും മരുന്നുകൾ കഴിക്കുകയും ചെയ്തിട്ടും വിനീതയുടെ മുടികൊഴിച്ചിലിന് ശമനമുണ്ടായില്ല.
ഇത് വിനീതയെ ഏറെ ദു:ഖിതയാക്കി. മകൾ ദുഖിച്ചിരിക്കുന്നത് സഹിക്കാനാവാഞ്ഞ രാധാകൃഷ്ണനെന്ന അച്ഛൻ അതിന് പരിഹാരം തേടിയിറങ്ങി. ആയുർവേദം തന്നെയാണ് പരിഹാരം എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് തുടങ്ങിവെച്ച പരീക്ഷണങ്ങൾ പുന:രാരംഭിച്ചു.
മുൻപ് രാധാകൃഷ്ണന്റെ ഭാര്യ ശകുന്താളാ ദേവിയ്ക്ക് പ്രമേഹം പിടിപെട്ട് കാൽവേദന അനുഭവപ്പെട്ടപ്പോൾ മസാജ് ഓയിൽ തയ്യാറാക്കിയത് വിജയകരമായിരുന്നു. ഇത് മുമ്പിൽ കണ്ട് അദ്ദേഹം പഴയ ആയുർവേദ പുസ്കങ്ങൾ പഠിച്ചു.വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ മകളുടെ പ്രശ്നപരിഹാരത്തിന് അത്ഭുത എണ്ണ തന്നെ അദ്ദേഹം കണ്ടു പിടിച്ചു. അച്ഛനുണ്ടാക്കിയ ഹെയർഓയിൽ ഉപയോഗിച്ച മകൾക്ക് വലിയ മാറ്റം ഉണ്ടായതോടെ അവർ അത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി.
മികച്ച അഭിപ്രായങ്ങൾ ലഭിച്ചതോടെ ഇൻസ്റ്റഗ്രാമിൽ ഒരു പേജ് തുടങ്ങി അവ്മി എന്ന പേരിൽ എണ്ണ വിൽക്കാൻ ആരംഭിച്ചു. രാധാകൃഷ്ണന്റെ എണ്ണ വളരെവേഗം തന്നെ വിജയം കണ്ടു. ബിസിനസ് വളർന്നതോടെ അദ്ദേഹം എണ്ണ വ്യവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാൻ ഒരു ഫ്ക്ടറി തുടങ്ങുകയും തന്റെ 85 ാം വയസിൽ സ്വന്തമായി കാർ വാങ്ങുകയും ചെയ്തു. ഒരച്ഛൻ അങ്ങനെ മകൾക്കായി കണ്ടെത്തിയ ഉൽപ്പന്നം ഇന്ന് നിരവധി പേർക്ക് സഹായമാകുന്നു.
Comments