കാൻബെറ : കളിപ്പാട്ടത്തിൽ നിന്ന് തീ പടർന്നുപിടിച്ച് വീട് കത്തി നശിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന അമ്മയും രണ്ട് കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.
റിമോട്ടിൽ പ്രവർത്തിക്കുന്ന കാറിൽ നിന്നാണ് തീപിടിച്ചത്. കളിപ്പാട്ടം ഗ്യാരേജിൽ ചാർജ് ചെയ്യാൻ ഇട്ടിരിക്കുകയായിരുന്നു. വൈദ്യുതി തകരാർ മൂലം ബാറ്ററിയിൽ നിന്ന് തീപടർന്നു. ഇത് പ്ലാസ്റ്റിക് കളിപ്പാട്ടിത്തിലേക്കും പിന്നാലെ വീട്ടിലുള്ള വസ്തുക്കളിലേക്കും പടർന്നു പിടിച്ചു. ഫർണിച്ചറും ഫ്രിഡ്ജും ടിവിയും കത്തി നശിക്കാൻ ആരംഭിച്ചതോടെയാണ് വീട്ടുകാർ ഈ വിവരം അറിയുന്നത്.
തീ സമീപത്തെ വീടുകളിലേക്ക് പടരുന്നതിന് മുൻപ് അഗ്നശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. എന്നാൽ വീട് പൂർണമായും കത്തി നശിച്ചിരുന്നു. തക്ക സമയത്തെ ഇടപെടലാണ് വൻ തീപ്പിടുത്തം ഒഴിവാക്കിയത് എന്ന് അധികൃതർ പറയുന്നു. അടുത്തിടെയായി ഇത്തരത്തിൽ ബാറ്ററി കളിപ്പാട്ടങ്ങളിൽ നിന്ന് നിരവധി തീപ്പിടുത്തങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തൽ.
Comments