ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനം ഉറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടെത്തിയാണ് അദ്ദേഹം മുർമുവിനെ അഭിനന്ദിച്ചത്. പ്രധാനമന്ത്രിയ്ക്കൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും മുർമുവിനെ കണ്ടു.
ദ്രൗപദി മുർമുവിന്റെ വിജയത്തിലൂടെ ഇന്ത്യ ചരിത്രം രചിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 1.3 ബില്യൺ ആളുകൾ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിലാണ് ഗോത്രവിഭാഗത്തിൽ ഒരു ഗ്രാമത്തിൽ ജനിച്ച മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയിരിക്കുന്നത്. ഈ ആഘോഷവേളയിൽ മുർമുവിന് അഭിനന്ദനങ്ങൾ നേരുന്നു.
മുർമുവിന്റെ ജീവിതവും, പോരാട്ടവും, സേവന മനോഭാവവും, വിജയവുമെല്ലാം ഒരോ ഇന്ത്യക്കാരനും പ്രചോദനമാണ്. രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേകിച്ച് താഴെക്കിടയിലുള്ളവർക്കും, പാവങ്ങൾക്കും മുർമു പ്രതീക്ഷയുടെ കിരണമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മികച്ച എംഎൽഎയും മന്ത്രിയുമായിരുന്നു മുർമു. ഝാർഖണ്ഡിന്റെ മുൻ ഗവർണർ എന്ന നിലയിൽ മികച്ച ഭരണപാടവും ഉണ്ട്. ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കുകയും, ഇന്ത്യയുടെ വികസനയാത്രയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മികച്ച രാഷ്ട്രപതിയായി ദ്രൗപദി മുർമു മാറുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
മുർമുവിന് വോട്ട് ചെയ്ത എംഎൽഎമാർക്കും, എംപിമാർക്കും നന്ദി പറയുന്നു. മുർമുവിന്റെ വിജയം നമ്മുടെ ജനാധിപത്യ സംവിധാനത്തിന് പ്രതീക്ഷ നൽകുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments