ആദ്യമായി ഒരു കാര്യം പറയട്ടെ, ഇത്തരത്തിലുള്ള പരീക്ഷണചിത്രങ്ങൾക്ക് രണ്ടു എക്സ്ട്രീമുകളിലാണ് പ്രേക്ഷകർ പ്രതികരിക്കുക. ഒന്ന് അത് വളരെയേറെ ഇഷ്ടപ്പെടുന്നവർ ഉണ്ടായിരിക്കും. അതല്ലെങ്കിൽ അതേ തീവ്രതയോടെ വെറുക്കുന്നവർ… ഇതിനിടയിലുള്ള അഭിപ്രായങ്ങൾ സാധാരണയായി ഉണ്ടാവാറില്ല. അവരുദ്ദേശിക്കുന്ന തലത്തിലേക്ക് ഉയരുകയോ താഴുകയോ ചെയ്യാത്തവർക്ക് അരോചകമായേക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഇതും. എന്നാൽ ഒരു പക്ഷെ അതേ ഫ്രീക്വൻസി പിടിക്കാൻ കഴിഞ്ഞത് കൊണ്ടാണോ എന്നറിയില്ല ഈ പരീക്ഷണത്തോട് തുടക്കത്തിലേ തന്നെ കണക്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. സ്ഥിരം കാഴ്ചവട്ടങ്ങളിൽ നിന്നും മാറിയ കാഴ്ചകളോട് പൊതുവെ തുറന്ന സമീപനമാണ് പാലിക്കാറുള്ളത്. അതായിരിക്കണം സ്ക്രീനിലെ പരിചിതമല്ലാത്ത ക്രേസി എന്നുവരെ വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ദൃശ്യവിന്യാസങ്ങളിൽ മുഴുകാൻ കഴിഞ്ഞത്. അതെ സമയം പ്രേക്ഷകരുടെ ചിന്തകളെ പ്രചോദിപ്പിക്കുവാൻ സാധിക്കുന്ന ഒരു പ്രമേയവും പരിചരണവും സ്വീകരിച്ചിട്ടുള്ളത് കൊണ്ട് ഒരു എന്റർടൈനർ അല്ല മഹാവീര്യർ..
ഈ അടുത്ത കാലത്തൊന്നും ഒരു സിനിമയുടെ ട്രെയിലറുകളും പ്രമോകളുമൊന്നും ഇത്രയേറെ കുഴപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എന്തിനാണ് കാണാൻ പോവുന്നത് എന്ന് പലരും ചോദിച്ചപ്പോഴും ഒരു വാക്കാണ് ഉപയോഗിച്ചത്.. അതും ഇംഗ്ലീഷിൽ – ക്യൂരിയോസിറ്റി. ഇതെന്താണ് ഇവർ കാട്ടി വെച്ചിരിക്കുന്നത് എന്ന് അറിയാനുള്ള ജിജ്ഞാസ. ഒരു തരത്തിലും പിടി തരാത്ത വിധത്തിലാണ് പ്രീ പ്രമോഷൻ വന്നിരുന്നത്. ടൈം ട്രാവൽ ആയിരിക്കാം, കോർട്ട് റൂം ഡ്രാമ ആയിരിക്കാം, സറ്റയർ ആയിരിക്കാം, ആക്ഷൻ, ഫാന്റസി… അങ്ങിനെ ഏതു കളത്തിലാണ് പെടുത്തേണ്ടതെന്ന് ആലോചിച്ചു തല പുകഞ്ഞതല്ലാതെ ഒരിക്കലും പിടി തന്നില്ല. അതുകൊണ്ട് തന്നെയാണ്, വാരാന്ത്യത്തിന് ഒരു ദിവസം കൂടി ബാക്കി നിൽക്കെ, റിലീസ് ദിവസം തന്നെ ടിക്കറ്റെടുത്തതും, കാണാൻ ഇരുന്നതും….
സിനിമ കണ്ടിറങ്ങിയപ്പോഴും പറയാനുള്ളത് അത് തന്നെയാണ്. ഇത് ഒരു കളത്തിലും പെടുന്ന ഒരു സിനിമയല്ല. അതിതേതായ സവിശേഷമായ ഒരു ജോണറിലാണ് ഈ ‘മഹാവീര്യർ’ കാണികൾക്ക് മുന്നിലെത്തിയിട്ടുള്ളത്. വളരെ പ്രത്യേകതകളുള്ള ഒരു പ്രമേയം, എം മുകുന്ദൻ രചിച്ച ഒരു കഥാതന്തു എടുത്ത് ഇത്തരത്തിലുള്ള ഒരു ട്രീറ്റ്മെന്റുമായി മുന്നോട്ട് പോവാൻ എബ്രിഡ് ഷൈനും, അതിന് പണം മുടക്കാൻ നിവിൻ പോളിയും കാണിച്ച ചങ്കൂറ്റത്തിന് വലിയൊരു സലാം. തൊട്ട് മുമ്പിറങ്ങിയ രണ്ടു പേരുടെയും സിനിമകൾ വലിയ ഓളങ്ങൾ സൃഷ്ടിക്കാതെയാണ് കടന്ന് പോയത് എന്നതുകൊണ്ട് വലിയൊരു റിസ്ക്ക് എലമെന്റും ഉണ്ടായിരുന്നു. എന്നാൽ അവിടെയാണ് സംവിധായകനും നായകനിലെ നിർമാതാവും സ്‌കോർ ചെയ്യുന്നത്. സേഫ് സോൺ നോക്കാതെ, വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ മുന്നോട്ട് പോവാൻ കാണിച്ച ആ ആത്മധൈര്യത്തെയും അഭിനന്ദിക്കുന്നു. ഇത്തരത്തിലുള്ള ഒരു പ്രമേയം കൈകാര്യം ചെയ്യുമ്പോൾ ആദ്യത്തെ ചോദ്യം വരുന്നത് പ്രേക്ഷകർ അതേത് രീതിയിലെടുക്കും എന്നതാണ്. സംവിധായകൻ ഉദ്ദേശിച്ച ആ വേവ് ലെങ്ങ്തിൽ പ്രേക്ഷകർ എത്തിയില്ലെങ്കിൽ കയ്യടികളെക്കാൾ ഏറെ കൂക്കിവിളികൾക്ക് സാധ്യത ഉണ്ടാവും.
മലയാളികൾക്ക് ഇതുവരെ ദഹിക്കാൻ കഴിയാത്ത ഒന്നാണ് സറ്റയറിക്കൽ അപ്പ്രോച്ച്. ഇതിന് മുമ്പ് അതിന് ശ്രമിച്ചവർക്ക് തിരിച്ചടികളാണ് ഉണ്ടായിട്ടുള്ളത്. ഫാസ്റ്റ് ഹാഫിൽ സറ്റയറിക്കൽ രീതി അവലംബിച്ച എബ്രിഡ് ഷൈൻ സെക്കൻഡ് ഹാഫിൽ വീണ്ടും ട്രാക്ക് മാറുകയാണ്. ഇതുവരെ കണ്ട നിവിനല്ല ഇതിലെ അപൂർണ്ണാനന്ദൻ സ്വാമി. ആദ്യപകുതിയിൽ പൂണ്ടു വിളയാടിയ നിവിൻ പോളി, ഇടവേളയ്‌ക്ക് ശേഷം സീനിയറായ അഭിനേതാക്കൾക്ക് വേണ്ടി അരങ്ങിൽ നിന്നും പശ്ചാത്തലത്തിലേക്ക് സ്വയം ചുരുങ്ങുന്നതായിട്ടാണ് തോന്നിയത്. പിന്നീടങ്ങോട്ട് ലാലിനും സിദ്ധിക്കിനും വിജയ് മേനോനുമൊക്കെ പെർഫോം ചെയ്യാൻ വേണ്ടി വിട്ടുകൊടുത്ത പോലെയാണ് തോന്നിയത്. ലാലും സിദ്ധിക്കുമാകട്ടെ കട്ടയ്‌ക്ക് കട്ട നിൽക്കുന്നുമുണ്ട്. എന്നാൽ ഒന്നാം പകുതി ലാലു അലക്സിന്റെ ഊഴമായിരുന്നു.
ഒരു അസംബന്ധ നാടകം പോലെയുള്ള ഒരു അവതരണം പലർക്കും ദഹിക്കാൻ ബുദ്ധിമുട്ടാവും എന്നാലും ഇത്തരത്തിലുള്ള ഒരു പ്രമേയത്തെ ആ ഒരു പരിചരണമല്ലാതെ വേറൊരു രീതിയിലും സമീപിക്കാൻ കഴിയുമെന്ന് തോന്നിയില്ല. ഫാന്റസിയിലൂടെ പറയുന്നത് ചില പൊള്ളുന്ന സത്യങ്ങൾ തന്നെയാണ്. കാലമെത്ര പോയാലും മാറ്റമില്ലാതെ തുടരുന്ന സത്യങ്ങൾ. നിയമവും നീതിയും പ്രതിക്കൂട്ടിൽ നിൽക്കുന്ന പൊന്നുതമ്പുരാന്മാരുടെ മുന്നിൽ എഴുന്നേറ്റ് നിന്ന് തല കുനിയ്‌ക്കുന്നു എന്നത് കാലാതീതമായ വസ്തുതയാണ്. സത്യവാചകത്തിൽ വരെ ദൈവനാമത്തോടൊപ്പം നാടുവാഴിയുടെ പേരും കയറി വരുന്നു. അതെ സമയം പൗരന്റെ കണ്ണുനീരുറവകൾ വറ്റി വരണ്ടു, പീഡനങ്ങൾക്കും, അപമാനങ്ങൾക്കും, ചൂഷണങ്ങളിലും, വേദനകളിലും ഒന്നും പൊഴിക്കാൻ കണ്ണീരില്ലാതെ ആയിരിക്കുന്നു. ന്യായാസനത്തിന്റെ വാതിൽക്കലിരുന്ന് നാണയങ്ങൾ എണ്ണുന്ന നിയമപാലകൻ. പ്രതിയായ തമ്പുരാന് പ്രതിക്കൂട്ടിന്റെ മുന്നിൽ ഇട്ടുകൊടുക്കുന്ന സിംഹാസനം. രാജാവാക്കിന്റെയും പുരോഹിതന്റെയും മന്ത്രിയുടെയും ന്യായാധിപന്റെയും നീതിപാലക്കാരുടെയും ഒക്കെ മുന്നിൽ വെച്ച് പീഡിപ്പിക്കപ്പെടുന്ന വലിച്ചു കീറപ്പെടുന്ന, നഗ്നയാക്കപ്പെടുന്ന നീതി .. പ്രതീകങ്ങൾ നിരവധിയുണ്ട്. മനസ്സിലായതും, മനസ്സിലാവാത്തതുമായി. അതുകൊണ്ട് തന്നെ കണ്ടു തീരുമ്പോൾ മനസ്സിൽ അവശേഷിപ്പിക്കുന്നത് ഒരു തരത്തിലൊരു അസ്വസ്ഥതയാണ്.
വലിയ സെറ്റുകൾ ഇല്ലാതെ, മിനിമം ഗ്രാഫിക്സ് ഉപയോഗിച്ചാണ് പഴയ കാലത്തെ കൊണ്ടുവന്നിട്ടുള്ളത്. അതിനെ കോമ്പ്ലിമെൻറ്റ് ചെയ്യുന്ന രീതിയിൽ ലൊക്കേഷനുകൾ ഉപയോഗിച്ചത് യുക്തിപരമായ ഒരു നീക്കമാണ്. വലിയ സെറ്റുകൾക്കും, ഹൈ ഏൻഡ് ഗ്രാഫിക്സുകൾക്കും പോവാതെ യോജിച്ച ലാൻഡ് സ്‌കേപ്പുകളും കെട്ടിടങ്ങളും അതിനോട് ബ്ലെൻഡ് ചെയ്യുന്ന ആർട്ടിഫാക്റ്റസും ചേർത്ത് ഉദ്ദേശിച്ച സ്കെയിലും വിഷ്വൽ ഫീലും കൊടുത്തത് സമർത്ഥമായി തോന്നി. അതുപോലെ തന്നെ ഒരു സംവിധായകന്റെ കൃതഹസ്തത വ്യക്തമാക്കുന്നതാണ് സമാന്തരമായി രണ്ടു ടൈം ലൈനുകളിൽ പോവുന്ന കഥകളെ തടസ്സങ്ങൾ കൂടാതെ സംയോജിപ്പിച്ചു കൊണ്ട് വരുന്നത്. സംഭാഷണങ്ങളിൽ മാറി മാറി കൗടില്യന്റെ അർത്ഥശാസ്ത്രവും, ഇന്ത്യൻ പീനൽ കോഡുമൊക്കെ ഇടകലർത്തി വരുമ്പോൾ കാലഗണനയിലെ അതിരുകൾ ലയിപ്പിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ. അന്നും ഇന്നും എന്നും നീതിയും നിയമങ്ങളും സഞ്ചരിക്കുന്നത് സമാന്തരപാതകളിലൂടെയാണ് ..
കോടതിയും വിഗ്രഹവും വിഗഹമോഷണവും ഒക്കെ അതെ പടി വാചികമായ അർത്ഥത്തിൽ എടുക്കേണ്ട ഒന്നല്ല. അപൂർണ്ണനാന്ദനെയും, അയാളിലൂടെ നമ്മളെയും ആ കോടതി നടപടികൾ എന്ന പ്രഹസനത്തിന്റെ നടുവിലേക്ക് പ്ലെയ്സ് ചെയ്യാൻ സംവിധായകൻ ഉപയോഗിച്ച ഡിവൈസ് ആണ്. പലരും പറയുന്നത് കേട്ടു ആദ്യ ഭാഗം നന്നായിട്ടുണ്ട്, രണ്ടാം ഭാഗമാണ് മോശമായതെന്ന്. എന്നാൽ എന്റെ ദൃഷ്ടിയിൽ രണ്ടാം പകുതിയാണ് ശരിക്കും സിനിമ. ആദ്യ പകുതി സൃഷ്ടിച്ചിരിക്കിക്കുന്നത് തന്നെ രണ്ടാം പകുതിയിൽ പറയാനുള്ള കാര്യങ്ങളിലേക്ക് പ്രേക്ഷകരെ പരുവപ്പെടുത്തി എടുക്കാനുള്ള ഒരു ഉപകരണമായിട്ടാണ്. ഡാർക്ക് ഹ്യുമർ ഉപയോഗിച്ച് കൊണ്ട് പ്രേക്ഷകരെ രണ്ടാം പകുതിയിൽ പറയുന്ന സന്ദേശങ്ങളിലേക്ക് കൊണ്ട് വരികയാണ് എബ്രിഡ് ചെയ്തിരിക്കുന്നത്.
രണ്ടു കേസുകളും പ്രതീകങ്ങൾ മാത്രമാണ്. കാലഘട്ടങ്ങളിലൂടെ കടന്നു പോവുന്ന നീതി നിർവഹണത്തിലെ പാളിച്ചകൾ കാട്ടിത്തരുന്ന പ്രതീകങ്ങൾ. അതിന്റെ സ്വാഭാവികമായ വിധിതീർപ്പുകൾ പ്രസക്തമല്ല. വിധിയിലേക്ക് എത്താനുള്ള ജേർണി, അതിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്ന റാസ്ത്രീയം അതാണ് പ്രധാനം. കോടതിയിൽ തനിക്ക് നേരെ ആരോപിക്കപ്പെട്ട വിഗ്രഹ മോഷണ കേസിലെ അപൂർണാനന്ദന്റെ പ്രതിരോധത്തിലൂടെ, കോടതിയുടെ പക്ഷപാതം, മുൻവിധികൾ, അവ്യക്തമായ നിലപാടുകൾ എന്നിവയാണ് കൊണ്ട് വരുന്നത്. അപൂർണാനന്ദന്റെ ആത്മസംഭാഷണത്തിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഇത് പുറത്തുകൊണ്ടുവരുന്നു. ഈ ഫാന്റസി, കോടതിമുറി നാടകത്തിൽ രണ്ട് ലോകങ്ങളുടെ ലയനത്തിന് വഴിയൊരുക്കുകയാണ്. അതുകൊണ്ട് തന്നെ ലിട്രൽ ആയി കാണേണ്ട കാര്യങ്ങളല്ല. സത്യം പറയാമല്ലോ, ഇനിയും ഒന്ന് രണ്ടു തവണ കൂടി കാണണം..
കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഒരൊറ്റ കാര്യം കൂടി പറഞ്ഞവസാനിപ്പിക്കട്ടെ. എബ്രിഡ് ഷൈനിൽ കണ്ടിട്ടുള്ള ഒരു ഗുണം, അദ്ദേഹം ഓരോ സിനിമയിലും പ്രമേയത്തിലും പരിചരണത്തിലും പുലർത്തുന്ന വ്യത്യസ്തതയാണ്. അതും തികച്ചും മൗലികമായി തന്നെ. അതൊരു ക്രിയേറ്റിവ് ടാലന്റാണ്. അതിന് ഒരു ബിഗ് സല്യൂട്ട്. 1983 അല്ല ആക്ഷൻ ഹീറോ ബിജു, അതല്ല പൂമരം, അതല്ല കങ്‌ഫു മാസ്റ്റർ ഇതൊന്നുമല്ല മഹാവീര്യർ .. ഓരോന്നും വ്യത്യസ്തമാണ്.. 100% മൗലികവുമാണ്.















