ധാക്കാ: ബംഗ്ലാദേശിലെ റംഗ്പൂരില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിരമിച്ച അധ്യാപകനും ഭാര്യയും മക്കളുമാണ് മരിച്ചത്. റംഗ്പൂരിലെ ദാസ്പാറ (മച്ചുവാപാറ) മേഖലയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 11.30ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗണപതി ചക്രവര്‍ത്തി (65), ഭാര്യ പ്രിതിലത (50), മകള്‍ അഗാമി (23), മകന്‍ പ്രിയം (12) എന്നിവരാണ് മരിച്ചത്. കഴുത്തുഞെരിച്ചാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
വീടിന്റെ വിവിധ ഭാഗങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗണപതിയുടെ മൃതദേഹം മേല്‍ക്കൂരയിലും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ കോണിപ്പടിയിലും മകന്റെ മൃതദേഹം കട്ടിലിനടിയിലുമായിരുന്നു. വീട്ടിലെ സാധനങ്ങള്‍ ചിതറിക്കിടന്നിരുന്നതായും മോഷണം നടന്നതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക സംശയം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇക്കാര്യം സ്ഥിരീകരിക്കാനാകില്ലെന്ന് റംഗ്പൂര്‍ മെട്രോപൊളിറ്റന്‍ സിഐഡി ഇന്‍ചാര്‍ജ് സുബീര്‍ ചൗധരി വ്യക്തമാക്കി.
വ്യാഴാഴ്ച മുതല്‍ കുടുംബാംഗങ്ങളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാല് പേരുടെയും മൊബൈല്‍ ഫോണുകളും വ്യാഴാഴ്ച രാത്രി മുതല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ശനിയാഴ്ച രാത്രി ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിലെ ലൈറ്റുകളും അണഞ്ഞുകിടന്നു. തുടര്‍ന്ന് പൊലീസ് എത്തി പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമാക്കുന്നതിനായി മൃതദേഹങ്ങള്‍ റംഗ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
പൊലീസ്, സിഐഡി, ഡിറ്റക്ടീവ് സംഘങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ റംഗ്പൂര്‍ ജില്ലാ സ്‌കൂളില്‍നിന്ന് വിരമിച്ച ഗണപതി പിന്നീട് ഹോമിയോപ്പതി ചികിത്സകനായി ജോലി ചെയ്യുകയായിരുന്നു. മകള്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു. മകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കുടുംബം നാലുവര്‍ഷത്തോളമായി പ്രദേശത്ത് താമസിച്ചുവരികയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.















