ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മുന്നോട്ട് പോകണമെങ്കില്‍ അത് പരസ്പര താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അയല്‍രാജ്യങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് നിരന്തരം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.
”ഏതൊരു ബന്ധവും മുന്നോട്ട് പോകണമെങ്കില്‍ അത് പരസ്പര താല്‍പ്പര്യങ്ങളുടെ പരിശോധനയില്‍ വിജയിക്കണം. അത് ഇന്ത്യയ്‌ക്കും പ്രയോജനകരമായിരിക്കണം,” ജയശങ്കര്‍ പറഞ്ഞു. അയല്‍രാജ്യങ്ങള്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ മാത്രം പരിഗണിക്കണമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പൊതുവായ നിലയിലെത്തുമ്പോഴാണ് ബന്ധങ്ങള്‍ സുഗമമായി മുന്നോട്ട് പോകുകയെന്നും ജയശങ്കര്‍ പറഞ്ഞു.
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ വലിയ വിള്ളലുണ്ടായത്. 2024 ഓഗസ്റ്റില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഹസീന ഇന്ത്യയിലെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ഹസീനയെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് ധാക്ക നിരന്തരം ആവശ്യപ്പെട്ടിരുന്നു. മുന്‍ ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസിന്റെ കാലത്തും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
അതേസമയം, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയതോടെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജയശങ്കറിന്റെ പരാമര്‍ശം. ഇന്ത്യയുടെ ക്ഷണത്തിന് ധാക്ക ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് റഹ്‌മാന്റെ ഓഫീസ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് ത്രിവേദി അടുത്തിടെ ബംഗ്ലാദേശിലെ പ്രധാന രാഷ്‌ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് റഹ്‌മാന്റെ ഇന്ത്യാ സന്ദര്‍ശനം വൈകാതെ നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.















