നായ്പീതോ : മ്യാൻമറിൽ വധശിക്ഷ തുടർച്ചയായി നടപ്പാക്കി സൈനിക ഭരണകൂടം. തടവിലാക്കിയിരിക്കുന്ന മുൻ പ്രധാനമന്ത്രി ആങ് സാൻ സ്യൂകിയുടെ ഉറ്റ അനുയായികളായ രണ്ടുപേരേയും ഭീകരരെന്ന് സൈന്യം പ്രഖ്യാപിച്ച രണ്ടുപേരേയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. പതിറ്റാണ്ടുകളായി നിർത്തിവച്ചിരുന്ന വധശിക്ഷ വീണ്ടും നടപ്പാക്കുന്ന സൈനിക ഭരണകൂടത്തിനെതിരെ ആഗോളതലത്തിൽ യുഎൻ മനുഷ്യാവകാശ വിഭാഗവും മറ്റ് സംഘടനകളും പ്രതിഷേധിക്കുകയാണ്. ഈ വർഷം ആദ്യം ശിക്ഷവിധിക്കുകയും നടപ്പാക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതുവരെ 114 പേരെ സൈന്യം തടവിലാക്കിയ ശേഷം വധിച്ചെന്ന ഗുരതരമായ ആരോപണവും മനുഷ്യാവകാശ സംഘടനകൾ ഉന്നയിക്കുകയാണ്.
സൈനിക ഭരണകൂടം വധിച്ചവരിലെ രണ്ടുപേരും പ്രമുഖരായ ജനാധിപത്യ വാദികളാ യിരുന്നു. സൈന്യം 2021 ൽ ഭരണം തട്ടിയെടുത്ത ശേഷം നടന്നുവരുന്ന പ്രതിഷേധത്തിൽ ഭീകരരെ സഹായിച്ചെന്നാണ് കുറ്റം ചാർത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് മുതിർന്ന ജനാധിപത്യ സംരക്ഷകനും നേതാവുമായ കോ ജിമ്മി(53), നാഷണൽ ലീഗ് പാർലമെന്റംഗം പിയോ സയാർ താവു(41) എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇവർക്കൊപ്പം സ്ഫോടകവസ്തു സൈന്യത്തിന് നേരെ എറിഞ്ഞെന്ന കുറ്റത്തിന് പിടിയിലായ ഹ്ലാ മായോ ഓംഗ്, ആങ് തുരാ സോ എന്നീ രണ്ടുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു.
വധശിക്ഷ ജനാധിപത്യ രാജ്യങ്ങൾക്ക് ഒട്ടും ചേരാത്തതാണെന്നും മനുഷ്യത്വഹീനമായ നടപടിയാണെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംഘടനാ പ്രതിനിധി ടോം ആൻഡ്ര്യു ആരോപിച്ചു.
Comments