ന്യൂഡൽഹി: മങ്കിപോക്സ് സ്ഥിരീകരിച്ച ഡൽഹി സ്വദേശിയ്ക്ക് വൈറസ് ബാധിച്ചത് മണാലിയിൽ നിന്നെന്ന് സംശയം. രോഗ ലക്ഷണം പ്രകടമാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇയാൾ മണാലിയിലെ പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്ത് ആദ്യമായാണ് വിദേശ യാത്ര പശ്ചാത്തലമില്ലാത്ത ഒരാളിൽ രോഗം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിൽ എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധിച്ചത് എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഇയാളുടെ മറ്റ് യാത്രാ പശ്ചാത്തലം പരിശോധിച്ചതോടെയാണ് മണാലിയിലെ പൊതുപരിപാടിയിൽ പങ്കെടുത്തതായി വ്യക്തമായത്. മണാലിയിൽ സംഘടിപ്പിച്ച സ്റ്റേജ് ഷോയിലാണ് ഇയാൾ പങ്കെടുത്തത്. ഇയാൾക്ക് പരിപാടിയിൽ പങ്കെടുത്ത ആരിൽ നിന്നെങ്കിലുമാകാം രോഗം ബാധിച്ചിരിക്കുകയെന്നാണ് നിലവിലെ നിഗമനം.
കഴിഞ്ഞ ദിവസമാണ് ഡൽഹി സ്വദേശിയായ 31 കാരന് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ലോക് നായക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
Comments